|

ആ സിനിമകളോടൊക്കെ ഞാന്‍ നോ പറഞ്ഞു; ഒരു സിനിമ ഏറ്റെടുക്കുമ്പോള്‍ ആദ്യം നോക്കുക അക്കാര്യം: ഗോകുലം ഗോപാലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ നിര്‍മാണ-വിതരണ പങ്കാളിയായി എത്തിയിരിക്കുകയാണ് ഗോകുലം ഗോപാലന്‍.

ലൈക്ക ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അവര്‍ പൂര്‍ണമായും ചിത്രത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. പുതിയ ട്രെയിലറില്‍ ഉള്‍പ്പെടെ ലൈക്കയുടെ പേരുണ്ട്.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

എന്തെല്ലാം മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഒരു സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതെന്ന് പറയുകയാണ് ഗോകുലം ഗോപാലന്‍. സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട ചില ഘടകളുണ്ടെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അനുഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ സിനിമയുടെ നിര്‍മാണത്തിലും വിതരണത്തിലുമൊക്കെ പങ്കാളിയാകുന്നത്. ഒരു കുട്ടി എല്ലാ പരീക്ഷയ്ക്കും നൂറില്‍ 90 മാര്‍ക്ക് വാങ്ങിക്കുമ്പോള്‍ ഇത്തവണ എന്തായാലും 25 ആകില്ലെന്ന് നമുക്ക് അറിയാമല്ലോ.

ഒരു ആവറേജ് എപ്പോഴും ഉണ്ടാകുമല്ലോ. ആ കഴിവ് എപ്പോഴും ഉണ്ടാകും. ആ കഴിവ് ഉള്ളവരില്‍ നിന്നേ നമ്മള്‍ സിനിമകള്‍ എടുക്കാറുള്ളൂ.

എത്രയോ സിനിമകള്‍ എടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. അത് ഏത് സിനിമയാണെന്ന് പറയുന്നില്ല. പല സിനിമകളും എന്റെ സുഹൃത്തുക്കളുടെ സിനിമയായിട്ട് പോലും ഞാന്‍ എടുത്തില്ല.

അതിന് ഒരു കാരണം ആ സിനിമ കൊടുക്കുന്ന സന്ദേശം അത്ര നല്ലതല്ല എന്നതുകൊണ്ട് കൂടിയാണ്. തെറ്റായ ഒരു സന്ദേശം അതിലുണ്ട് എന്നതുകൊണ്ട് പല സിനിമകളും ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്.

വേണ്ട എന്ന് കരുതി ഒഴിവാക്കിയ സിനിമ വിജയിക്കുമ്പോള്‍ അത് ഞാന്‍ കണ്ടിട്ടുമില്ല. ഞാന്‍ പ്രൊഡക്ഷന്‍ ചെയ്യണമെന്ന് പറഞ്ഞിട്ട് വലിയ വലിയ ആളുകള്‍ വന്നിരുന്നു. വേണ്ട എന്ന് പറഞ്ഞിട്ടും അവര്‍ എടുത്തിട്ട് അത് പരാജയപ്പെട്ട ചരിത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത്.

നല്ല സിനിമകള്‍ ആയിരിക്കണം എടുക്കേണ്ടത് എന്നുണ്ട്. ഞാന്‍ പ്രൊഡക്ഷന്‍ ചെയ്ത സിനിമകള്‍ ഒരു മെസ്സേജ് കൊടുക്കുന്നത്. അത്രയും മോശമായ സിനിമകള്‍ ഞാന്‍ എടുക്കാറില്ല.

ഡിസ്ട്രിബ്യൂഷന്‍ എടുക്കുന്ന ചില സിനിമകളൊക്കെ നമ്മള്‍ കാണാതെ എടുക്കും. ചിലതൊന്നും അവര്‍ കാണിക്കില്ല.

90 മാര്‍ക്ക് കിട്ടിയവര്‍ ആണല്ലോ എന്ന വിശ്വാസത്തില്‍ ഡിസ്ട്രിബ്യൂഷന്‍ എടുക്കാറുണ്ട്. അതില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ജയിലറൊക്കെ അത്തരത്തില്‍ വലിയ വിജയം തന്ന സിനിമകളാണ്,’ ഗോകുലം ഗോപാലന്‍ പറഞ്ഞു.

Content Highlight: Gokulam Gopalan about Film Selection and production

Video Stories