| Friday, 10th November 2023, 7:52 am

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്‍ എഫ്.സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തത്. ഗോകുലത്തിന്റെ സ്പാനിഷ് താരമായ അലക്‌സ് സാഞ്ചസ് ഹാട്രിക് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് ഗോകുലം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-5-1 എന്ന ശൈലിയുമാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 33ാം മിനിട്ടില്‍ ടര്‍സ്‌നോവ് ആണ് ഗോകുലത്തിന്റെ ഗോളടിമേളക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ രാജസ്ഥാന്‍ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു ഒടുവിൽ ആദ്യപകുതി പിന്നിടുമ്പോള്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ രാജസ്ഥാന്റെ പോസ്റ്റിലേക്ക് ഗോള്‍ മഴ പെയ്യിക്കുകയായിരുന്നു ഗോകുലം. 61′, 74′, 88′ മിനിട്ടുകളിലായിരുന്നു സാഞ്ചസിന്റെ മൂന്ന് ഗോള്‍ പിറന്നത്.

69ാം മിനിട്ടില്‍ ശ്രീകുട്ടന്റെ വകയായിരുന്നു മറ്റ് ഗോള്‍. ഗോളിന്റെ എണ്ണം ആറാക്കി ഉയര്‍ത്താന്‍ ആതിഥേയര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഗോകുലത്തിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി രാജസ്ഥാന്‍ ഗോള്‍കീപ്പര്‍ മികച്ച സേവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.

ആദ്യപകുതിയില്‍ രാജസ്ഥാന്‍ മത്സരത്തില്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടാം പകുതിയില്‍ പൂര്‍ണ്ണമായും തകര്‍ന്നടിയുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ മുഴങ്ങിയപ്പോള്‍ 5-0ത്തിന്റെ തകര്‍പ്പന്‍ വിജയം സ്വന്തം ആരാധകരുടെ മുന്നില്‍ മലബാറിയന്‍സ് നേടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലും സ്വന്തം ആരാധകരുടെ മുന്നില്‍ 4-1ന്റെ വിജയം സ്വന്തമാക്കിയ ഗോകുലം ഗോകുലം അതേ ഗോളടിമികവ് തന്നെ ആവര്‍ത്തിച്ചത് ഏറെ ശ്രദ്ധേയമായി.

സീസണിലെ ഗോകുലത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഈ മിന്നും വിജയത്തോടെ മൂന്ന് കളിയില്‍ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മലബാറിയന്‍സ്. അതേസമയം മൂന്ന് കളിയും പരാജയപ്പെട്ട രാജസ്ഥാന്‍ അവസാനസ്ഥാനത്താണ്.

നവംബര്‍ 13ന് ട്രവുവിനെതിരെയാണ് മലബാറിയന്‍സിന്റെ അടുത്ത മത്സരം. ട്രവുവിന്റെ തട്ടകമായ കല്യാണ്‍ സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Gokulam FC won against Rajasthan fc in I league.

Latest Stories

We use cookies to give you the best possible experience. Learn more