| Thursday, 15th July 2021, 5:40 pm

എ.എഫ്.സി. വനിതാ ക്ലബ്ബ് ഫുട്ബോളില്‍ ഗോകുലം എഫ്.സി. ഇന്ത്യയെ പ്രതിനിധീകരിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: എ.എഫ്.സി. വനിതാ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം എഫ്.സി. ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യന്‍ വുമന്‍സ് ലീഗ് നാലാം പതിപ്പ് ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ്.സി. ഏഷ്യയിലെ മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്ന ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബറിലായിരിക്കും നടക്കുക.

ഇറാന്‍, ഉസ്ബെക്കിസ്ഥാന്‍, തായ്പേയ്, ജോര്‍ദാന്‍, തായ്ലന്റ്, മ്യാന്‍മര്‍,വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചാമ്പ്യന്മാരായ ക്ലബ്ബുകളും ടൂര്‍ണമെന്റില്‍ മത്സരിക്കും.

ഐ.ലീഗ് കിരീടം നേടിയ ഗോകുലത്തിന്റെ പുരുഷ ടീം നേരത്തേതന്നെ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഇതാദ്യമായാണ് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഒരേ ഇന്ത്യന്‍ ക്ലബ്ബ് എ.എഫ്.സി. യോഗ്യത നേടുന്നത്.

അഞ്ചാമത് ഇന്ത്യന്‍ വുമന്‍സ് ലീഗ് കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം വരുമെന്ന കണക്കുകൂട്ടലില്‍ മാറ്റി വെക്കുകയായിരുന്നു. തുടര്‍ന്നാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലത്തിനെ തെരഞ്ഞെടുത്തത്.

മുന്‍ ഇന്ത്യന്‍ വനിതാ കോച്ചും കണ്ണൂര്‍ സ്വദേശിയുമായ പി.വി. പ്രിയ ആണ് ഗോകുലം എഫ്.സിയെ പരിശീലിപ്പിക്കുന്നത്. കെവിന്‍ കിഷോറാണ് ടീം മാനേജര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Gokulam FC represent India in A.F.C. Women’s Club Football Championship

We use cookies to give you the best possible experience. Learn more