കോഴിക്കോട്: ഐലീഗിലെ രണ്ടാം സീസണിനിറങ്ങുന്ന ഗോകുലത്തിന് ശക്തരായ മോഹന്‍ ബഗാനാണ് എതിരാളികള്‍. യുവത്വവും പരിചയ സമ്പത്തുമുള്ള ഗോകുലം എഫ്.സി. ഇത്തവണ ലീഗില്‍ മികച്ച സ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് പന്ത് തട്ടുന്നത്. ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ തവണ ഹോം ഗ്രൗണ്ടില്‍ ബഗാനെ നേരിട്ടപ്പോള്‍ ഒരോ ഗോള്‍ വീതമടിച്ച മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ബഗാന്റെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയതിന്റെ ഊര്‍ജം ഗോകുലത്തിനുണ്ട്.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ മുന്നേറ്റതാരം ആന്റോണിയോ ജെര്‍മെനാണ് ഗോകുലത്തിന്റ തുറുപ്പ് ചീട്ട്. അതുകൊണ്ട് തന്നെ ഹെന്റ്രി കിസേക്ക ബഗാനിലേക്ക് കൂടുമാറിയതിന്റെ നഷ്ടം ടീമിനില്ല.
ജെര്‍മനൊപ്പം മുന്നേറ്റത്തില്‍ മലയാളിതാരം വി.പി.സുഹൈറിനാണ് സാധ്യത. മധ്യനിരയില്‍ ക്യാപ്റ്റന്‍ മുഡെ മൂസയും മുഹമ്മദ് റാഷിദും അര്‍ജുന്‍ ജയരാജും കളിമെനയും. ഫാബ്രിക്കോ ഓര്‍ട്ടിസും ഡാനിയല്‍ അഡോയുമടങ്ങുന്ന പ്രതിരോധനിര ശക്തമാണ്.
കസേക്കയുടെ വരവ് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നാണ് ബഗാന്റെ കണക്കുകൂട്ടല്‍. മെഹ്താബ് ഹുസൈനും അസര്‍ ദീപാന്‍ഡയുമടങ്ങുന്ന പരിചയസമ്പത്തുള്ള മധ്യനിരയാണ് മോഹന്‍ ബഗാന്റെ കരുത്ത്. പരുക്കേറ്റ ഹെയ്തി താരം സോണി നോര്‍ദെ ഇന്ന് കളിക്കില്ല