കുട്ടിക്കാലം മുതല്‍ ഞാനയാളുടെ ഫാനാണ്; ലാല്‍ സാറിന്റെ ലൂസിഫര്‍ പോലെയൊന്ന് എനിക്ക് അദ്ദേഹത്തിന് നല്‍കണം: ഗോകുല്‍ സുരേഷ്
Entertainment
കുട്ടിക്കാലം മുതല്‍ ഞാനയാളുടെ ഫാനാണ്; ലാല്‍ സാറിന്റെ ലൂസിഫര്‍ പോലെയൊന്ന് എനിക്ക് അദ്ദേഹത്തിന് നല്‍കണം: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th June 2024, 4:13 pm

താന്‍ ചെറുപ്പം മുതല്‍ ഒരു പൃഥ്വിരാജ് ഫാനാണെന്ന് പറയുകയാണ് ഗോകുല്‍ സുരേഷ്. മോഹന്‍ലാലിന് വേണ്ടി പൃഥ്വിരാജ് ലൂസിഫര്‍ എന്ന സിനിമ നല്‍കിയത് പോലെ തനിക്ക് പൃഥ്വിക്ക് ഒരു മികച്ച സിനിമ നല്‍കാന്‍ ആഗ്രഹമുണ്ടെന്നും താരം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗഗനചാരിയുടെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.

തനിക്ക് കഥയെഴുതാന്‍ അറിയില്ലെന്നും എന്നാല്‍ തലയില്‍ കുറേയധികം ചിന്തകളുണ്ടെന്നും താരം പറയുന്നു. തന്റെ മനസിലുള്ള ഒരു ത്രെഡിനെ കുറിച്ച് കഥ എഴുതുന്ന സുഹൃത്തുക്കളോട് സംസാരിച്ചിട്ടുണ്ടെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ എട്ടോ പതിനഞ്ചോ വര്‍ഷമെടുക്കുമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

‘കഥ എഴുതാന്‍ എനിക്ക് അറിയില്ല. പക്ഷെ തലയില്‍ കുറെ ചിന്തകളുണ്ട്. എനിക്ക് എഴുതുന്ന കുറെ അനിയന്മാരും സുഹൃത്തുക്കളുമുണ്ട്. അവരെ ഇരുത്തിയിട്ട് എനിക്ക് സിനിമ ചെയ്യാന്‍ ആഗ്രഹമുള്ള ഒരു ത്രെഡിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്റെ ഡയറക്ഷനില്‍ ഒരു സിനിമ വരും. അതിനായി ചിലപ്പോള്‍ എട്ടോ പതിനഞ്ചോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. എന്തായാലും ആ സിനിമ വരാന്‍ അത്ര വര്‍ഷമെടുക്കും.

എനിക്ക് ആക്ഷന്‍ പടമെടുക്കാനാണ് ആഗ്രഹം. ജോണ്‍ വിക്ക്, എക്‌സ്‌പെന്‍ഡബിള്‍സ്, ടെര്‍മിനേറ്റര്‍ പോലെയുള്ള സിനിമകളാണ് ഇഷ്ടം. ഞാന്‍ സ്‌കൂള്‍ക്കാലം തൊട്ട് പൃഥ്വിരാജിന്റെ ഫാനാണ്. അദ്ദേഹം ലാല്‍ സാറിന് ലൂസിഫര്‍ കൊടുത്തത് പോലെ എനിക്ക് അദ്ദേഹത്തിന് വേണ്ടി ഒരു സിനിമ ചെയ്യണമെന്നുണ്ട്,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

Also Read: ഗഗനചാരിയിലെ ഏലിയന് വേണ്ടി പി.കെയില്‍ നിന്ന് ആ കാര്യം റെഫറന്‍സാക്കി; പിന്നീടാണ് എന്റെ തെറ്റ് മനസിലായത്: അനാര്‍ക്കലി

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗഗനചാരി. സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ എത്തിയ സിനിമ 2040കളിലെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മനുഷ്യര്‍ ഒരു ഏലിയനെ കണ്ടുമുട്ടുന്ന കഥയാണ് പറയുന്നത്. ഗോകുലിന് പുറമെ അനാര്‍ക്കലി മരയ്ക്കാര്‍, അജു വര്‍ഗീസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഗഗനചാരിയില്‍ ഏലിയനായി എത്തിയത് അനാര്‍ക്കലിയാണ്.


Content Highlight: Gokul Suresh Talks About Prithviraj Sukumaran