ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്. ടര്‍ബോയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രമാണിത്.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്. മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്.
ഗോകുല്‍ മമ്മൂട്ടിയോടൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കുവെക്കുന്ന ആദ്യ സിനിമയാണ് ഇത്. ഇപ്പോള്‍ മമ്മൂട്ടിയുടെ കൂടെ ഡൊമിനിക്കില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഗോകുല്‍ സുരേഷ്.
മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാവുന്നതിനേക്കാള്‍ ആഴത്തിലുള്ള ഒരു ഫീലിങ്ങായിരുന്നു ലഭിച്ചതെന്നാണ് നടന്‍ പറയുന്നത്. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുറേ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാവുന്നതിനേക്കാള്‍ ഡീപ്പായിട്ടുള്ള ഒരു ഫീലിങ്ങായിരുന്നു എനിക്ക് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ ലഭിച്ചത്. ഞാന്‍ അത്ര എക്‌സ്പ്രസീവായ ആളല്ല. വാക്കുകളിലൂടെ പറയാന്‍ എനിക്ക് പ്രയാസമാണ്.
അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് ഒരു ഫീലിങ്ങായിരുന്നു. അതിന്റെ ഭാഗമായുള്ള കുറേ ഇന്‍ഹിബിഷന്‍സും ടെന്‍ഷനുകളും എനിക്ക് ഉണ്ടായിരുന്നു. അതുമായിട്ടാണ് ഞാന്‍ ഈ സെറ്റിലേക്ക് പോയത്. പ്രത്യേകിച്ച് ഒരു ധാരണയുമില്ലാതെ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഞാന്‍.
പക്ഷെ ഗൗതം സാറും മമ്മൂക്കയും മമ്മൂക്കയുടെ മമ്മൂട്ടി കമ്പനിയും കൂടെ അത് വളരെ മെമ്മറമ്പിളാക്കി. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരുന്നു. മമ്മൂക്കയുടെ പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മിക്കുന്നത്. മമ്മൂക്ക നായകനാകുന്ന സിനിമയാണ് ഡൊമിനിക്. ഗൗതം സാറാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
നമുക്ക് ഈ സിനിമയിലേക്ക് പോകുന്നത് ശരിക്കും മമ്മൂക്കയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്ന ഫീലായിരുന്നു. ആ രീതിയിലായിരുന്നു ഞങ്ങളെ അവര്‍ ട്രീറ്റ് ചെയ്തത്. വളരെ കംഫേര്‍ട്ടബിളാക്കി. എന്റെ ടെന്‍ഷനും ഇന്‍ഹിബിഷന്‍സും മാറി ഞാന്‍ ഏറെ കംഫേര്‍ട്ടബിളായി,’ ഗോകുല്‍ സുരേഷ് പറഞ്ഞു.
Content Highlight: Gokul Suresh Talks About Mammootty And Dominic And Ladies Purse Movie