Entertainment
വലിയൊരു സുന്ദരന്റെ കൂടെയായിരുന്നു എനിക്ക് നില്‍ക്കേണ്ടിയിരുന്നത്; കുറച്ചൊന്ന് വൃത്തിയാകാനുള്ള ശ്രമം ഞാന്‍ നടത്തി: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 10:12 am
Friday, 24th January 2025, 3:42 pm

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ മലയാള സിനിമയാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്. ടര്‍ബോയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രമാണിത്. മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

സിനിമയുടെ സെറ്റില്‍ മമ്മൂട്ടി കമ്പനി തനിക്ക് ഒരു ക്യുറേറ്റഡ് ഡയറ്റ് തന്നിരുന്നെന്ന് പറയുകയാണ് ഗോകുല്‍. ഒരു പ്രോപ്പര്‍ ഡയറ്റ് ഫോളോ ചെയ്യാനായി തന്നോട് പറഞ്ഞിരുന്നെന്നും കഥാപാത്രത്തിന് വേണ്ടി തന്നോട് ചബ്ബിയായിട്ട് ഇരിക്കാനാണ് പറഞ്ഞതെന്നും നടന്‍ പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍ സുരേഷ്.

‘ഞാന്‍ നോണ്‍ വെജിറ്റേറിയനാണ് (ചിരി). വെജ് കഴിക്കാറുണ്ട്. ഡൊമിനിക്കിന്റെ പ്രൊഡക്ഷനില്‍ കംപ്ലീറ്റ് വെജായിരുന്നോയെന്ന് ചോദിച്ചാല്‍, എനിക്ക് മമ്മൂക്ക ഒരു ക്യുറേറ്റഡ് ഡയറ്റ് തന്നിരുന്നു. ഞാന്‍ ഉദ്ദേശിച്ചത് മമ്മൂട്ടി കമ്പനിയെയാണ്. അതില്‍ മമ്മൂക്ക കൂടെ ഡിസിഷന്‍ മേക്കിങ്ങില്‍ ഉണ്ടാകും.

പ്രോപ്പര്‍ ഡയറ്റ് ഫോളോ ചെയ്യാനായി എന്നോട് പറഞ്ഞിരുന്നു. ഞാന്‍ ഡൊമിനിക്കില്‍ ജോയിന്‍ ചെയ്ത സമയത്ത് നല്ല വീര്‍ത്തിട്ടായിരുന്നു ഉണ്ടായിരുന്നത്. ആ സിനിമയുടെ എന്റെ ആദ്യ ദിവസത്തെ സ്റ്റില്ലും അവസാന ദിവസത്തെ സ്റ്റില്ലും കണ്ടാല്‍ തന്നെ അത് മനസിലാകും. അതില്‍ എന്റെ മുഖത്ത് ചെറിയ വ്യത്യാസമുണ്ട്.

ഡൊമിനിക്കിലെ കഥാപാത്രത്തിന് വേണ്ടി എന്നോട് ചബ്ബി ആയിട്ട് ഇരിക്കാനാണ് പറഞ്ഞത്. ഞാന്‍ വലിയ ഒരു സുന്ദരന്റെ കൂടെയാണല്ലോ ആ ഫ്രെയിമില്‍ നില്‍ക്കുന്നത്. അപ്പോള്‍ ഒരു മിനിമം വൃത്തിക്ക് തന്നെ നില്‍ക്കണമെന്ന് ഞാന്‍ വിചാരിച്ചു. അങ്ങനെ കുറച്ചൊന്ന് വൃത്തിയാകാനുള്ള ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

Content Highlight: Gokul Suresh Talks About Mammootty