| Wednesday, 27th July 2022, 8:44 am

വീണ് വീണാണ് അച്ഛന്‍ സിനിമ പഠിച്ചത്, ഞാനും അങ്ങനെ ആവണമെന്നായിരിക്കാം അച്ഛന്റെ ആഗ്രഹം: ഗോകുല്‍ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്മാരുടെ മക്കള്‍ സിനിമകളിലഭിനയിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അച്ഛനും മക്കളും ഒന്നിച്ചഭിനയിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ പാപ്പന്‍ എന്ന സിനിമയുടെ ഗംഭീര റിലീസിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്ന ചിത്രമാണിത്.

പാപ്പന്‍ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. അതിന്റെ ഭാഗമായി സിനിമയിലഭിനയിച്ചവര്‍ കോഴിക്കോടുമെത്തിയിരുന്നു. പാപ്പന്‍ ലുക്കില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ എന്‍ട്രി. ഗോകുല്‍ സുരേഷ്, നീത പിള്ള, സാധിക എന്നിവരായിരുന്നു പരിപാടിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍.

കോഴിക്കോട് നടന്ന പരിപാടിയിലെ ഗോകുല്‍ സുരേഷിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ ഉപദേശം ഒന്നും തന്നിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

‘സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ ഉപദേശമൊന്നും തന്നിട്ടില്ല. സിനിമയില്‍ മെന്ററുകള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും വീണ് വീണാണ് അച്ഛന്‍ പഠിച്ചത്. ഞാനും അങ്ങനെ

തന്നെയാവണം എന്നായിരിക്കാം അച്ഛന്റെ ആഗ്രഹം. അതും എന്റെ അടുത്ത് പറഞ്ഞിട്ടില്ല. ഞാന്‍ തനിയെ മനസിലാക്കി പെരുമാറാനായിട്ട് ശ്രമിക്കുന്നു,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് പാപ്പന്‍. മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്നത്.

കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

Content Highlight: Gokul Suresh says that his father learned cinema through failures,  maybe he wanted me to be like that

We use cookies to give you the best possible experience. Learn more