| Monday, 1st August 2022, 11:59 am

രാത്രി 12:30ന് കണ്ട ട്രോളും നോക്കി വെളുപ്പിനെ 4:30 വരെ ഫോണും പിടിച്ചോണ്ടിരുന്നു, എനിക്ക് അയാളെ വീട്ടില്‍ പോയി ഇടിക്കണമായിരുന്നു: ഗോകുല്‍ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ചുള്ള ട്രോളിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി അടുത്തിടെ വൈറലായിരുന്നു. ഒരു ഭാഗത്ത് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വെച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്.

ഇതിന് ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,’ എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. അത് തഗ്‌ലൈഫ് മോഡില്‍ പറഞ്ഞ മറുപടി അല്ലെന്നും വളരെ വേദനയോടെയാണ് ആ കമന്റ് ചെയ്തതെന്നും പറയുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ്.

‘എന്റെ അച്ഛന്‍ അഴിമതിക്കാരനാണെങ്കില്‍ ഈ കാണുന്ന ട്രോളിനൊന്നും ഞാന്‍ റിയാക്റ്റ് ചെയ്യില്ലായിരുന്നു. അച്ഛന്‍ സമ്പാദിക്കുന്നതില്‍ നിന്നും പലര്‍ക്കും കൊടുക്കുന്നുണ്ട്. അതിലൊരു ന്യായമുണ്ട്. ആ ന്യായം വിട്ടിട്ടാണ് പലരും സംസാരിക്കുന്നത്. എന്റെ ചെറിയ പ്രായത്തില്‍ തന്നെ ആള്‍ക്കാരോട് ഇരുന്ന് തര്‍ക്കിക്കുമായിരുന്നു. അച്ഛന്റെ പ്രവര്‍ത്തികളൊക്കെ എക്‌സ്‌പ്ലെയ്ന്‍ ചെയ്യുമായിരുന്നു. അങ്ങനെ ഒരു വയനാട്ടുകാരനുമായി സംസാരിക്കുമ്പോള്‍ ഒടുവില്‍ അയാള്‍ ചോദിച്ചത് എന്റെയടുത്ത് തള്ളുവാണോയെന്നാണ്. അത് എനിക്ക് ഭയങ്കരമായി കൊണ്ടു.

അന്യായമായി എന്റെ വീട്ടുകാരെയും സഹോദരിമാരെയും ചിത്രങ്ങള്‍ സഹിതം വെച്ച് പറയുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഇന്ന ആളാണ് ഞാന്‍ എന്നത് മറന്ന് പ്രവര്‍ത്തിക്കുന്ന ആറ്റിറ്റിയൂഡാണ് എന്റേത്. അതാണ് എനിക്ക് ഇഷ്ടം. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അത്രയും നാള്‍ സഹിച്ചിരുന്നതിന്റെ അമര്‍ഷമാണ് ആ ഫോട്ടോയ്ക്ക് വന്ന കമന്റില്‍ കണ്ടത്. ഒട്ടുമൊരു തഗ്‌ലൈഫ് മോഡിലല്ല ഞാന്‍ ആ കമന്റ് ചെയ്തത്. ഭയങ്കര വേദനയോടെയാണ് ചെയ്തത്.

രാത്രി 12:30നാണ് ആ ട്രോള്‍ കണ്ടത്. വെളുപ്പിനെ 4:30 വരെ അതും പിടിച്ചോണ്ടിരുന്നു. എനിക്ക് റിയാക്റ്റ് ചെയ്യണമായിരുന്നു. എനിക്ക് പുള്ളീടെ വീട്ടില്‍ പോയി പുള്ളിയെ ഇടിക്കണമായിരുന്നു. അതാണ് എന്റെ മനസില്‍ വന്നത്. പക്ഷേ അത് എനിക്ക് ചെയ്യാന്‍ പറ്റില്ല,’ ഗോകുല്‍ പറഞ്ഞു.

അതേസമയം ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ച പാപ്പന്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശം തുടരുകയാണ്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ അവതരിപ്പിച്ചത്.

Content Highlight: Gokul Suresh says that he made that comment with great pain for the troll about suresh gopi

We use cookies to give you the best possible experience. Learn more