| Saturday, 6th August 2022, 9:31 am

ഞാന്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമയില്‍ അഭിനയിക്കുമെന്ന് ആരും വിചാരിക്കില്ലല്ലോ: ഗോകുല്‍ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉ14 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന സായാഹ്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ് എത്തുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗോകുല്‍ സുരേഷും ധ്യാനും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു.

സായാഹ്ന വാര്‍ത്തകള്‍ ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെ ബന്ധപ്പെടുത്തി പൊളിറ്റിക്കല്‍ സറ്റയര്‍ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തനിക്ക് പൊതുവെ പൊളിറ്റിക്കല്‍ സറ്റയര്‍ ഇഷ്ടമാണെന്നും സിനിമ കണ്ട് കഴിഞ്ഞാല്‍ ആരെയാണ് ഇതില്‍ വിമര്‍ശിക്കുന്നതെന്ന് മനസിലാകുമെന്നും, താന്‍ വരുന്നത് എവിടെ നിന്ന് ആണെന്നൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോ അത് വെച്ച് നോക്കുമ്പോള്‍ ഇത് ചെയ്യില്ല എന്ന് കരുതുമെന്നുമാണ് ഗോകുല്‍ പറയുന്നത്.

താന്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ എന്നും ഗോകുല്‍ സുരേഷ് കൂട്ടിച്ചേര്‍ക്കുന്നു.

‘എനിക്ക് പൊളിറ്റിക്കല്‍ സറ്റയര്‍ ഒരുപാട് ഇഷ്ടമാണ്. സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഇതില്‍ ആരെയാണ് വിമര്‍ശിക്കുന്നത് എന്ന്. ആരെ വിമര്‍ശിച്ചാലും എനിക്ക് പ്രശ്നമില്ല, ഞാന്‍ എവിടെ നിന്ന് വരുന്നു എന്നൊക്കെ വെച്ച് റിലേറ്റ് ചെയ്താല്‍ ഞാന്‍ ഇത് ചെയ്യില്ല എന്നേ എല്ലാവരും കരുതൂ.

കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ,’ ഗോകുല്‍ പറയുന്നു.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് അച്ഛനോട്(സുരേഷ് ഗോപി) പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അച്ഛനോട് പറഞ്ഞിട്ടില്ല, ഇതില്‍ ഒന്നും അങ്ങനെ ഇടപെടാറില്ലെന്നും, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിച്ചത് എന്താണെന്ന് അച്ഛന്‍ ചോദിക്കില്ലെന്നുമാണ് ഗോകുല്‍ പറയുന്നത്.

‘ചെയ്യുന്ന കാര്യത്തില്‍ നേര് ഉണ്ടെങ്കില്‍ അച്ഛന്‍ അങ്ങനെ ഇടപെടാറില്ല, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കഥ എന്തിന് ചെയ്തു എന്നൊന്നും അച്ഛന്‍ ചോദിക്കില്ല,’ ഗോകുല്‍ പറയുന്നു.

അതേസമയം ഗോകുല്‍ പ്രധാന വേഷത്തില്‍ എത്തിയ ജോഷി-സുരേഷ് ഗോപി ചിത്രം പാപ്പന്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഒരാഴ്ച കൊണ്ട് തന്നെ ചിത്രം 17 കോടിയോളം രൂപയാണ് കളക്ഷനായി നേടിയത്.

Content Highlight: Gokul Suresh says about why he say yes to Sayahna Varthakal

We use cookies to give you the best possible experience. Learn more