തന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്ത പൃഥ്വിരാജ് കണ്ട് അഭിനന്ദിക്കണമെന്ന ആഗ്രഹമുണ്ടെന്ന് നടൻ ഗോകുൽ സുരേഷ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം പങ്കുവെച്ചത്. കിങ് ഓഫ് കൊത്ത സിനിമ മേഖലയിലെ ആരെ സ്പെഷ്യൽ ആയി കാണിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോകുൽ സുരേഷ്.
‘ഞാൻ സ്കൂൾ കാലഘട്ടം മുതൽ പ്രിത്വിരാജിന്റെ ആരാധകനാണ്. അദ്ദേഹം കിങ് ഓഫ് കൊത്ത കണ്ട് എന്നെ അതിൽ നോട്ടീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത്രേയുള്ളൂ. ജസ്റ്റ് കാണണം, കണ്ടിട്ട് ഞാൻ നന്നായി ചെയ്തിട്ടുണ്ട് എന്ന് പറയുന്നത് കേൾക്കണം. അദ്ദേഹം സംവിധായകൻ കൂടിയാണല്ലോ. അപ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും തോന്നും,’ ഗോകുൽ സുരേഷ് പറഞ്ഞു.
ബാക്കി പ്രമുഖരെല്ലാം ഈ സിനിമയുമായി ബന്ധമുള്ള ആളുകളാണെന്നും അതുകൊണ്ട് ഇവരൊക്കെ സിനിമ കാണുമെന്ന് അറിയാമെന്നും ഗോകുല് പറയുന്നു.
‘ബാക്കി പ്രമുഖരെല്ലാം ഈ സിനിമയുമായി ബന്ധമുള്ള ആളുകളാണല്ലോ. ലാൽ സാർ ആണ് റിലീസ് ചെയ്യുന്നത്. മമ്മൂക്കയുടെ മകന്റെ സിനിമയാണ്. ഡി.ക്യു തന്നെയാണ് ഇതിലെ നായകൻ. പിന്നെ ഞാൻ ഇതിലുണ്ട്. അപ്പോൾ എന്റെ അച്ഛനുണ്ട്. അതുകൊണ്ട് ഇവരൊക്കെ കാണുമെന്ന് നമുക്ക് അറിയാം.
ജോഷി സാർ ഇപ്പോൾ തന്നെ ഒരു നാലഞ്ചു പ്രാവശ്യം സിനിമ കണ്ടിട്ടുണ്ടാകും. അതുകൊണ്ട് നമുക്ക് അറിയുന്ന എല്ലാവരും തന്നെ ഈ പടം കാണും. ഈ പടം എല്ലാവരും എന്തായാലും കാണും, എന്താണെന്ന് അറിയാൻ വേണ്ടിയെങ്കിലും കാണും. അതിനുള്ളത് ഇതിൽ ഉണ്ട് താനും,’ ഗോകുൽ സുരേഷ് പറഞ്ഞു.
കിങ് ഓഫ് കൊത്തയിലെ എല്ലാ കഥാപാത്രങ്ങളും അവരുടേതായ നേരിന്റെ ആർക്കിലാണ് ചിന്തിക്കുന്നത്. നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങൾക്ക് പോലും അവരുടേതായ ഒരു നേരിന്റെ ആർക്കുണ്ട്. എന്നാൽ അനീതിയുമുണ്ട്. നായകന് പോലും നേരുണ്ടെങ്കിലും ഒരു വില്ലനിസവുമുണ്ട്. എനിക്ക് അങ്ങനെയാണ് കണ്ടപ്പോൾ തോന്നിയത്. അത്തരം ആർക്കുകളുള്ള സിനിമകൾ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഡി.ക്യുവിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ ഒരു ക്യാരക്ടർ പ്രസന്റേഷൻ ആണ് ചിത്രത്തിലേത്,’ ഗോകുൽ സുരേഷ് പറഞ്ഞു.