| Saturday, 12th August 2023, 4:26 pm

അച്ഛനെ ഇമിറ്റേറ്റ് ചെയ്യുന്നതില്‍ വിജയിച്ചിരുന്നെങ്കില്‍ ഞാന്‍ വേറെ ലെവലില്‍ എത്തിയേനേ: ഗോകുല്‍ സുരേഷ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയിക്കുമ്പോൾ താൻ സുരേഷ് ഗോപിയെ അനുകരിക്കാറില്ലെന്ന് നടൻ ഗോകുൽ സുരേഷ്. താൻ സുരേഷ് ഗോപിയെ അനുകരിക്കുന്നത് നേരിട്ട് കണ്ടപോലെയാണ് ആളുകൾ സംസാരിക്കുന്നതെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ താൻ വേറെ ലെവലിൽ എത്തിയിരുന്നേനെ എന്നും ഗോകുൽ പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സുരേഷ് ഗോപിയെ താൻ അനുകരിക്കുന്നതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടെന്നും, ഇത്തരത്തിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാറുണ്ടോയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ്‌ ഗോകുൽ.

‘ഞാൻ അച്ഛനെ അനുകരിക്കുന്നു എന്ന് നേരിട്ട് കണ്ടതുപോലെയാണ് ഓരോരുത്തർ പറയുന്നത്. അച്ഛനെ അനുകരിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അത് സക്സസ്ഫുൾ ആയിരുന്നെങ്കിൽ ഞാൻ വേറെ ഏതെങ്കിലും ലെവലിൽ എത്തിയേനെ.

ഞാൻ അച്ഛനെ ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ജനറ്റിക്കൽ ആയിട്ട് എന്തെങ്കിലും സാമ്യം ഉണ്ടാകും. എല്ലാവർക്കും അവരവരുടെ അച്ഛന്റെ ഗുണങ്ങൾ ഉറപ്പായും ഉണ്ടാകും. അച്ഛനെ അനുകരിക്കാൻ ശ്രമിക്കുന്നതേ മണ്ടത്തരമാണ്. ഒരിക്കലും ഞാൻ അതിന് ശ്രമിച്ചിട്ടില്ല. എപ്പോഴെങ്കിലും ചില ഷോട്ടുകളിൽ അച്ഛന്റെ പോലെ തോന്നിക്കാണും. ഗണേഷ് കുമാർ സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് എനിക്ക് അച്ഛനെക്കാൾ നന്നായി നർമം കൈകാര്യം ചെയ്യാൻ കഴിയുമെന്ന്,’ ഗോകുൽ പറഞ്ഞു.

സുരേഷ് ഗോപിക്കെതിരായ വിമര്‍ശനങ്ങളെ പറ്റിയും ഗോകുല്‍ പ്രതികരിച്ചിരുന്നു. അഴിമതിയൊന്നും കാണിക്കാഞ്ഞിട്ടും തന്റെ അച്ഛനായ സുരേഷ് ഗോപിയെപ്പറ്റി അഭ്യൂഹങ്ങള്‍ പറയുന്നത് ഇഷ്ടമല്ലെന്ന് ഗോകുല്‍ പറഞ്ഞു.

എന്റെ അച്ഛന്‍, ആ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ അച്ഛന്‍ വേറെ ആളായി എന്നപോലെയായിരുന്നു ആളുകളുടെ പെരുമാറ്റം. അതൊക്കെ ഒരു പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. എനിക്ക് നന്നായിട്ടറിയാം.

അച്ഛന്‍ കുറച്ച് അഴിമതിയൊക്കെ കാണിച്ചിട്ട് എനിക്കൊരു ഹെലികോപ്റ്റര്‍ ഒക്കെ വാങ്ങി തന്ന ആളായിരുന്നെകില്‍ ഈ വിമര്‍ശനങ്ങള്‍ ഒക്കെ പോട്ടെ പുല്ല് എന്ന് പറഞ്ഞ് ഞാന്‍ വെറുതെ വിട്ടേനെ. പക്ഷെ എന്റെ അച്ഛന്‍ അതുപോലും ചെയ്യുന്നില്ല. വീട്ടില്‍നിന്നുള്ളതുംകൂടി എടുത്ത് പുറത്തേക്ക് കൊടുക്കുകയാണ്. അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമല്ല. അതിപ്പോ ഒരു ചെറിയ തെറ്റ് ചെയ്തിട്ടാണെങ്കില്‍കൂടിയും,’ ഗോകുൽ സുരേഷ് പറഞ്ഞു.

Content Highlights: Gokul Suresh on Suresh Gopi

We use cookies to give you the best possible experience. Learn more