| Sunday, 13th August 2023, 9:58 am

ആളുകൾ മാസ്സ് എന്നുപറഞ്ഞ സാധനം വളരെ വേദനയോടെയാണ് ചെയ്തത്: ഗോകുൽ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യൽ മീഡിയ വഴി തന്നെ അപമാനിച്ചയാൾക്ക് കൊടുത്ത മറുപടിയെപ്പറ്റി സംസാരിക്കുകയാണ് നടൻ ഗോകുൽ സുരേഷ്. സോഷ്യൽ മീഡിയവഴി തന്നെ അപമാനിച്ച ആൾക്ക് അപ്പോൾ തന്നെ മറുപടി കൊടുത്തെന്നും എന്നാൽ അയാളോട് തിരികെ അങ്ങനെ പെരുമാറിയതിൽ തനിക്ക് സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെക്കിച്ചൊല്ലി സോഷ്യൽ മീഡിയയിലെ ചർച്ചകളെ പറ്റി സംസാരിക്കവെ സൈബർ ബുള്ളിയിങ് നേരിട്ട അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.

‘എന്റെ അച്ഛൻ ആ പാർട്ടിയിൽ ചേർന്നപ്പോൾ വേറെ ഒരാളായെന്നാണ് എല്ലാവരും വിചാരിക്കുന്നത്. അതൊക്കെ അജണ്ട ബേസ്ഡ് ആണ്, നമുക്കറിയാം. ഇപ്പോഴത്തെ ആളുകളെപോലെ അഴിമതിയൊക്കെ കാണിക്കുന്ന ആളുകളാണെങ്കിൽ പോട്ടെയെന്നു വെക്കാം. എന്റെ അച്ഛൻ അങ്ങനെയൊന്നും ചെയ്യുന്ന ആളല്ല. അത്തരത്തിൽ ഒരാളെക്കുറിച്ച് ചെറിയ ഒരു തെറ്റ് ചെയ്താൽ പോലും ആളുകൾ തെറ്റായ രീതിയിൽ സംസാരിക്കുന്നതു എനിക്കിഷ്ടമല്ല.

ആളുകൾ ഈ സോഷ്യൽ മീഡിയ വഴി മാത്രമാണ് അവർ കുരക്കുകയുള്ളു. ഒറ്റക്ക് വന്ന് അവർ കുരക്കില്ല. ഈയിടെ ഒരാൾക്കിട്ട് ഞാൻ ഒരെണ്ണം കൊടുത്തിട്ടുണ്ടായിരുന്നു. കുറെ ഇരുന്ന് ആലോചിച്ചിട്ടാണ്‌ ഞാൻ അയാൾക്ക് മറുപടി കൊടുത്തത്. അതെന്തോ വലിയ മാസ്സ് പോലെയാണ് ആളുകൾ ഏറ്റെടുത്തത്. ഞാൻ അതൊരുപാട് വേദനയോടെയാണ് ചെയ്തത്.

ആളുകൾ മാസ്സ് എന്ന് പറയുന്ന ആ സാധനം ഡെലിവറി ചെയ്തപ്പോഴും എന്നെ അത് വേദനിപ്പിച്ചു. പക്ഷെ ആളുകൾ അതെന്തോ ആഘോഷമാക്കി,’ ഗോകുൽ പറഞ്ഞു.

ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥയെഴുതി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയാണ് ഗോകുൽ അഭിനയിക്കുന്ന അപുതിയ ചിത്രം. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്.

Content highlights: Gokul Suresh On cyber bullying

We use cookies to give you the best possible experience. Learn more