'ഞാന്‍ എന്തിനാണ് സമയം കളഞ്ഞു വഴക്ക് കൂടുന്നത്? അച്ഛന്‍ സിനിമയില്‍ മാത്രം തുടരണമെന്നാണ് ആഗ്രഹം'
Entertainment news
'ഞാന്‍ എന്തിനാണ് സമയം കളഞ്ഞു വഴക്ക് കൂടുന്നത്? അച്ഛന്‍ സിനിമയില്‍ മാത്രം തുടരണമെന്നാണ് ആഗ്രഹം'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th August 2023, 12:07 pm

നടനും എം.പിയുമായ സുരേഷ് ഗോപിയെ സിനിമയില്‍ മാത്രം കാണണമെന്നാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും അച്ഛന്റെ ആരാധകന്‍ എന്ന നിലയിലും തന്റെ ആഗ്രഹമെന്ന് നടന്‍ ഗോകുല്‍ സുരേഷ്.

തനിക്ക് രാഷ്ട്രീയത്തോട് താല്പര്യമില്ല. പ്രത്യേകിച്ച് ഇവിടുത്തെ രാഷ്ട്രീയത്തില്‍ നേരില്ലെന്നാണ് തോന്നിയിട്ടുള്ളതെന്നും ഗോകുല്‍ സുരേഷ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘അച്ഛന്റെ രാഷ്ട്രീയ ജീവിതത്തെ പറ്റി ഞാന്‍ അധികം ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യാറില്ല. കാരണം പൊളിടിക്ക്‌സ്, പ്രത്യേകിച്ചും ഇവിടുത്തെ പൊളിടിക്‌സ് അത്ര നേരുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അച്ഛന്‍ എന്തൊക്കെ നന്മകള്‍ ചെയ്താലും അതിനുള്ള അംഗീകാരം ലഭിക്കുന്നില്ല. ആരുടെയൊക്കെയോ ശ്രമഫലമായി അച്ഛന്റെ സത്യസന്ധത വ്യാജമാണെന്ന് ചിത്രീകരിക്കപ്പെടുന്നു,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

‘രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മാത്രമല്ല അച്ഛനെ സിനിമയില്‍ മാത്രം കാണണമെന്ന് ആഗ്രഹിക്കുന്നത്. ഇത്രയും കാലം അച്ഛന്റെ സിനിമകള്‍ കണ്ടിട്ടുള്ള സിനിമയുടെ ആരാധകന്‍ എന്ന നിലയിലും അച്ഛന്റെ ആരാധകന്‍ എന്ന നിലയിലുമാണ് ഞാന്‍ വ്യക്തിപരമായി അങ്ങനെ ആഗ്രഹിക്കുന്നത്. അച്ഛന്‍ ഒരു അഴിമതിക്കാരന്‍ ആയിരുന്നെങ്കില്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് തെറി വിളിക്കുമ്പോള്‍ ഞാന്‍ ഗൗനിക്കുമായിരുന്നില്ല. എന്നാല്‍ അങ്ങനെ അല്ലാത്ത ആളായതുകൊണ്ടാണ് ഞാന്‍ ദേഷ്യപ്പെടുന്നതും മറുപടി കൊടുക്കുന്നതും.

ഞാന്‍ എന്തിനാണ് വെറുതെ എന്റെ സമയം കളഞ്ഞു വഴക്ക് കൂടുന്നത്? അതുകൊണ്ട് ഞങ്ങള്‍ക്കും നല്ലത് അച്ഛന്‍ സിനിമകള്‍ മാത്രം ചെയ്യുന്നതാണ്. അക്കാര്യത്തില്‍ ആര്‍ക്കും എന്നെ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ സാധിക്കില്ല. അത് എന്റെ അവകാശമാണ്. ഞങ്ങള്‍ വിട്ടുതന്നിട്ടാണ് ഇങ്ങോട്ട് കിട്ടുന്നത്. അപ്പോള്‍ അച്ഛന് ഈ വിലയല്ല കിട്ടേണ്ടത്, ശത്രുക്കളില്‍ നിന്നാണെങ്കിലും കൂട്ടാളികളില്‍ നിന്നാണെങ്കിലും.

ശരിക്കും തീരുമാനമെടുക്കുന്നവര്‍ക്ക് അറിയാം, എന്താണെന്നുള്ളതും എന്തിനാണെന്നുള്ളതും. അവര്‍ അവിടെ നിന്നുമെടുക്കുന്ന തീരുമാനത്തിനനുസരിച്ച് അച്ഛന്‍ ചിലപ്പോള്‍ മാറേണ്ടി വരും. അല്ലാതെ സൈഡില്‍ നില്‍ക്കുന്നവരുടെ അടുത്ത് നിന്നും വരുന്ന കാര്യങ്ങള്‍ മൈന്‍ഡ് ചെയ്യണമെന്നില്ല. അങ്ങനെ മൈന്‍ഡ് ചെയ്യാതിരിക്കുന്നത് അച്ഛന്റെ സൈഡാണ്. മക്കള്‍ എന്നുള്ള നിലയില്‍ ഞങ്ങള്‍ അത് മൈന്‍ഡ് ചെയ്യും, നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

താന്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒരു പൃഥ്വിരാജ് ആരാധകനാണെന്നും കിങ് ഓഫ് കൊത്ത കണ്ട് പൃഥ്വിരാജ് അഭിനന്ദിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.

Content Highlight: Gokul Suresh about the politics of Suresh gopi