Film News
എന്നെക്കാളും സിനിമക്ക് അനുയോജ്യന്‍ മാധവ്, അവന്‍ എന്നെക്കാളും സക്‌സസ്ഫുള്ളാവണം: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 05, 07:53 am
Tuesday, 5th September 2023, 1:23 pm

സഹോദരനായ മാധവ് സുരേഷിനെ പറ്റി പറയുകയാണ് ഗോകുല്‍ സുരേഷ്. തന്റെ കരിയറില്‍ ഒരുപാട് തൃപ്തിക്കുറവുണ്ടെന്നും അത് മാധവിന് ഉണ്ടാവരുതെന്ന് ആഗ്രഹമെന്നും ഗോകുല്‍ പറഞ്ഞു. മാധവ് തന്നെക്കാളും സക്‌സസ്ഫുള്ളാവണമെന്നാണ് ആഗ്രമെന്നും സിനിമയില്‍ വരാന്‍ പ്രാപ്തിയുള്ള ആളായാണ് തോന്നിയിട്ടുള്ളതെന്നും ഗോകുല്‍ പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആരെയും ഉപദേശിക്കാന്‍ ചെല്ലാറില്ല. അഭിപ്രായം പറയും. അത് വേണമെങ്കില്‍ എടുക്കാം അല്ലെങ്കില്‍ എടുക്കേണ്ട, അത്രമാത്രം. എനിക്ക് എന്റെ കരിയര്‍ ഗ്രാഫില്‍ ഒരുപാട് തൃപ്തി കുറവുണ്ട്. അത് അവന് ഉണ്ടാവരുതെന്ന് ആഗ്രഹമുണ്ട്. അതിന് വേണ്ടി മുന്നില്‍ ഒരു ബുള്‍ഡോസറായി നില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ എല്ലാവര്‍ക്കും അവരവരുടേതായ ഒരു ചിന്താഗതിയും ഒരു കാഴ്ചപ്പാടും ഉണ്ട്. എപ്പോഴും നമ്മള്‍ ശരിയായിരിക്കണമെന്നില്ല. അവന്റെ ഒരു ട്രാക്ക് അവിടെയുണ്ട്. അത് വര്‍ക്ക് ഔട്ട് ആവുക എന്നുള്ളതാണ് എന്റെ ആഗ്രഹം.

അവന്‍ എന്നെക്കാളും സക്സസ്ഫുള്‍ ആവണം എന്നാണ് ആഗ്രഹം. അവന്‍ എങ്ങനെയാണ് വരുന്നത് എന്ന് നമുക്ക് നോക്കാം. എന്നെക്കാളും ഈ മീഡിയത്തിന് കുറച്ചുകൂടെ ആപ്റ്റ് ആണ് അവന്‍ എന്നാണ് എനിക്ക് തോന്നിയത്. സിനിമയിലേക്ക് വരാന്‍ കുറച്ചുകൂടെ പ്രാപ്തിയുള്ള കുറച്ചുകൂടെ ഒരു സ്വാഗൊക്കെയുള്ള ഒരാളായിട്ടാണ് എനിക്ക് എന്റെ അനിയനെ തോന്നിയത്,’ താരം പറഞ്ഞു.

നെപ്പോട്ടിസം എങ്ങനെ കരിയറിനെ സഹായിച്ചു എന്ന ചോദ്യത്തിനും ഗോകുല്‍ ഉത്തരം പറഞ്ഞു. നെപ്പോ കിഡ് ആയതുകൊണ്ട് ഒരു ചവിട്ടു കൂടുതല്‍ കിട്ടിയിട്ടേയുള്ളൂ എന്ന് ഗോകുല്‍ പറഞ്ഞു.

‘ഞാന്‍ ഇതിലോട്ടു പ്ലാന്‍ഡ് ആയിട്ടു വന്ന ഒരാളല്ല. അതുകൊണ്ടു തന്നെ ഇത് വെട്ടിപ്പിടിക്കണമെന്നോ ഇങ്ങനെ ആയിരിക്കണമെന്നോ ഇന്ന ബിഹേവിയര്‍ ആയിരിക്കണമെന്നോ ഇത്ര സെല്ഫ് പ്രൊമോഷന്‍ ചെയ്യണമെന്നോ എന്ന കാഴ്ചപ്പാട് അന്നുമില്ല ഇപ്പോഴുമില്ല. ഒരടി കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കിലേ ഉള്ളു, എനിക്ക് മാത്രമല്ല മലയാളം ഇന്‍ഡസ്ട്രിയില്‍ എല്ലാ നെപ്പോ കിഡ്സിനും അങ്ങനെ തന്നെയാണ്.

അതിന്റെ ഗുണം എന്നുള്ളത് ഫസ്റ്റ് ഗേറ്റ് മാത്രേമേയുള്ളു. അതിനുശേഷം ഒരു ചവിട്ട് കൂടുതല്‍ കിട്ടുമെന്നുള്ളതാണ്. അതില്‍ നിന്ന് അതിജീവിച്ച് ഡി.ക്യുവിനെയൊക്കെ പോലെ ഒരു ലെവലില്‍ എത്തുക എന്നതാണ്,’ ഗോകുല്‍ പറഞ്ഞു.

Content Highlight: Gokul Suresh about Madhav Suresh