| Tuesday, 22nd August 2023, 12:34 pm

അച്ഛന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു നടനെന്ന നിലയില്‍ വില കിട്ടിയത് കിങ് ഓഫ് കൊത്തയില്‍: ഗോകുല്‍ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു നടനാണെന്ന് തനിക്ക് തന്നെ തോന്നിയത് കിങ് ഓഫ് കൊത്തയില്‍ അഭിനയിച്ചതോടുകൂടിയാണെന്ന് നടന്‍ ഗോകുല്‍ സുരേഷ്. വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു കിങ് ഓഫ് കൊത്തയെന്നും ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകുന്നത് ഇത് ആദ്യമായിട്ടാണെന്നും ഗോകുല്‍ പറഞ്ഞു. ഒരു നടനെന്ന നിലയില്‍ തനിക്ക് വില കിട്ടിയ സിനിമ കൂടിയാണ് കിങ് ഓഫ് കൊത്തയെന്നും ഗോകുല്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍.

‘ഇത്രയും വലിയൊരു സെറ്റില്‍ ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടില്ല. ഒരു സ്റ്റാര്‍ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്ന രീതിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. എനിക്ക് ആദ്യമായിട്ട് ഇക്കയുടെ സെറ്റില്‍ നിന്നാണ് അങ്ങനെ ഒരു സ്റ്റാര്‍ ലൈക്ക് ട്രീറ്റ്‌മെന്റ് കിട്ടുന്നത്.

ഞാന്‍ ഇതു പറയുമ്പോള്‍ വെറുതെ പറയുന്നതാണെന്ന് തോന്നാം. പക്ഷേ എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്. എനിക്ക് ഇത്രയും നല്ലൊരു അനുഭവം ഉണ്ടായിട്ടില്ല. ഇനി അടുത്തൊരു സെറ്റില്‍ പോകുമ്പോള്‍ നമ്മള്‍ എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നാണ് ആലോചിക്കുന്നത്.

എനിക്കെന്തോ കുറച്ച് വിലയൊക്കെയുണ്ടെന്ന ഒരു തോന്നല്‍ ആണ് അവിടെ ചെന്നപ്പോള്‍ ഉണ്ടായത്. ഞാന്‍ ഇതിന് മുന്‍പ് അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്നു. അവിടെ ഞാനൊരു പയ്യനെപ്പോലെയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇവിടെ വന്നപ്പോള്‍ ഞാനൊരു ആക്ടര്‍ ആണെന്ന തോന്നലില്‍ ആണ് എല്ലാവരും പെരുമാറിയത്.

ഇക്ക തന്നെ എന്റെ അടുത്ത് പറയുമായിരുന്നു, നീ നിന്റെ അച്ഛന്‍ ആരാണെന്ന് ഓര്‍മിച്ച് പെരുമാറെടാ എന്ന്. എനിക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഇതൊക്കെ മനസില്‍വെച്ച് എന്‍ജോയ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇങ്ങനെ അഭിമുഖമൊക്കെയുള്ളതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്,’ ഗോകുല്‍ പറഞ്ഞു.

ചിത്രത്തില്‍ ഒരു പൊലീസ് കഥാപാത്രത്തിലാണ് ഗോകുല്‍ എത്തുന്നത്. അച്ഛന്‍ ചെയ്ത പൊലീസ് കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ ഗോകുലിന്റെ കഥാപാത്രത്തിന് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും മറ്റൊരു അഭിമുഖത്തില്‍ താരം മറുപടി നല്‍കിയിരുന്നു.

‘അച്ഛന്‍ ചെയ്തുവെച്ചിരിക്കുന്ന ലൈന്‍ ഓഫ് വര്‍ക്കിന്റെ രീതിയിലൂടെ കൊത്തയിലെ ടോണിക്ക് സഞ്ചരിക്കേണ്ടി വന്നിട്ടില്ല. ടോണിക്ക് അവന്റേതായ ഒരു ഇന്റലിജന്റ് പാത്തുണ്ടായിരുന്നു. പിന്നെ എന്നെ അവിടെ ഡയറക്ട് ചെയ്യാന്‍ ആളുകളുണ്ടായിരുന്നു. കഥാപാത്രത്തിനായി ഫിസിക്കലി കുറച്ച് മാറ്റം വരുത്തി. യൂണിഫോമിനകത്തേക്ക് കയറുമ്പോള്‍ നമ്മള്‍ ചെയ്യേണ്ടതായ ചില ഉത്തരവാദിത്തങ്ങളുണ്ട്.

അതിനായി ചെറുതായി പണിയെടുത്തു,’ എന്ന് ഗോകുല്‍ പറഞ്ഞപ്പോള്‍ എത്ര കിലോ കുറച്ചെന്നായിരുന്നു ദുല്‍ഖറിന്റെ ചോദ്യം. 24 കിലോ കുറച്ചെന്ന് ഗോകുല്‍ പറഞ്ഞപ്പോള്‍ ചെറുതായി ഒരു 24 കിലോ കുറച്ചെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു ദുല്‍ഖര്‍.

ആഗസ്റ്റ് 24-നാണ് കിങ് ഓഫ് കൊത്ത തിയേറ്ററുകളിലെത്തുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്.

Content Highlight: Gokul Suresh about king Of Kotha and the entire team

We use cookies to give you the best possible experience. Learn more