കിങ് ഓഫ് കൊത്തക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഒരുപാട് റിസ്‌കുകള്‍ എടുത്തിട്ടുണ്ടെന്ന് ഗോകുല്‍ സുരേഷ്. അതിനനുസരിച്ച് താനും സഹകരിച്ചുവെന്നും ആവശ്യപ്പെട്ടതിന്റെ ഇരട്ടി ദിവസങ്ങള്‍ ഷൂട്ടിനെടുത്തുവെന്നും ഗോകുല്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദുല്‍ഖര്‍ ഒരുപാട് റിസ്‌ക് എടുത്ത സിനിമയാണ് കിങ് ഓഫ് കൊത്ത. ആ സിനിമക്ക് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എനിക്ക് അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ഫീലായി. അതിനനുസരിച്ച് ഞാന്‍ സഹകരിച്ച് നിന്നിട്ടുണ്ടായിരുന്നു. എന്നോട് ആവശ്യപ്പെട്ടതിന്റെ ഇരട്ടി ദിവസങ്ങള്‍ ഷൂട്ടിന് എടുത്തിരുന്നു. അതിനിടയായല്ലോ എന്നൊരു തോന്നല്‍ എനിക്കും ഉണ്ടായിട്ടില്ല, അവരെ അങ്ങനെ തോന്നിപ്പിച്ചിട്ടുമില്ല,’ ഗോകുല്‍ പറഞ്ഞു.
മലയാള സിനിമയിലെ ഇഷ്ടതാരങ്ങളെ പറ്റിയുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ‘ആരുടെയെങ്കിലും പേര് മിസായാല്‍ അത് പ്രശ്‌നമാവും. എല്ലാവരെയും ഇഷ്ടമാണ്. സ്‌കൂള്‍ ടൈം തൊട്ടേ പൃഥ്വിരാജിന്റെ ഫാനാണ്. രാജുവേട്ടനോട് ഒരു ഫാന്‍ബോയ് എന്ന കാഴ്ചപ്പാടുണ്ട്,’ ഗോകുല്‍ പറഞ്ഞു.
സുരേഷ് ഗോപിക്കെതിരായ വിമര്‍ശനങ്ങളെ പറ്റിയും ഗോകുല്‍ പ്രതികരിച്ചിരുന്നു. അഴിമതിയൊന്നും കാണിക്കാഞ്ഞിട്ടും തന്റെ അച്ഛനായ സുരേഷ് ഗോപിയെപ്പറ്റി അഭ്യൂഹങ്ങള്‍ പറയുന്നത് ഇഷ്ടമല്ലെന്ന് ഗോകുല്‍ പറഞ്ഞു.
‘നമ്മള്‍ എന്ത് പറഞ്ഞാലും വിമര്‍ശനം തന്നെയാണ്. ഒരിക്കല്‍ പോപ്പുലേഷന്‍ കണ്‍ട്രോളിനെപ്പറ്റി പറഞ്ഞപ്പോള്‍ എന്റെ അനിയത്തിമാരുടേയും അമ്മയുടേയും ഒക്കെ ഫോട്ടോ വെച്ച് ആക്ഷേപിച്ചിരുന്നു. അത് ശരിക്കും വിമര്‍ശനം ആയിരുന്നില്ല. വൃത്തികേടായിരുന്നു.
എന്റെ അച്ഛന്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ അച്ഛന്‍ വേറെ ആളായി എന്നപോലെയായിരുന്നു ആളുകളുടെ പെരുമാറ്റം. അതൊക്കെ ഒരു പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. എനിക്ക് നന്നായിട്ടറിയാം.
അച്ഛന്‍ കുറച്ച് അഴിമതിയൊക്കെ കാണിച്ചിട്ട് എനിക്കൊരു ഹെലികോപ്റ്റര്‍ ഒക്കെ വാങ്ങി തന്ന ആളായിരുന്നെകില്‍ ഈ വിമര്‍ശനങ്ങള്‍ ഒക്കെ പോട്ടെ പുല്ല് എന്ന് പറഞ്ഞ് ഞാന്‍ വെറുതെ വിട്ടേനെ. പക്ഷെ എന്റെ അച്ഛന്‍ അതുപോലും ചെയ്യുന്നില്ല. വീട്ടില്‍നിന്നുള്ളതുംകൂടി എടുത്ത് പുറത്തേക്ക് കൊടുക്കുകയാണ്. അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമല്ല. അതിപ്പോ ഒരു ചെറിയ തെറ്റ് ചെയ്തിട്ടാണെങ്കില്‍കൂടിയും.
ഒരുപാട് നല്ല വശങ്ങള്‍ ഉള്ള ആളാണ് പുള്ളി. അതില്‍നിന്നും ഒരു നെഗറ്റീവ് കണ്ടെത്തി എന്തെങ്കിലും പറയുന്നത് പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തിലാണ്. അത്തരത്തിലുള്ള കാര്യങ്ങളോട് എനിക്ക് താല്‍പര്യമില്ല. അതിപ്പോ നേരിട്ട് വന്നിട്ടാണ് പറയുന്നതെങ്കില്‍ അവരുടെയൊക്കെ വിധി ആയിരിക്കും. മിക്കവാറും സോഷ്യല്‍ മീഡിയയിലൂടെയാണ് അതൊക്കെ നടക്കുക. പത്തുപേര്‍ പറഞ്ഞാല്‍ ഒപ്പം പറയാനേ ചിലര്‍ക്കൊക്കെ പറ്റൂ. ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവര്‍ കുറവാണ്,’ ഗോകുല്‍ പറഞ്ഞു.
Content Highlight: Gokul Suresh about Dulquer Salmaan and King of Kotha