ആടുജീവിതത്തിനായുള്ള എന്റെ അധ്വാനം അദ്ദേഹത്തിനുള്ള ട്രിബ്യൂട്ടാണ്: വൈറലായി ഗോകുലിന്റെ പോസ്റ്റ്
Entertainment
ആടുജീവിതത്തിനായുള്ള എന്റെ അധ്വാനം അദ്ദേഹത്തിനുള്ള ട്രിബ്യൂട്ടാണ്: വൈറലായി ഗോകുലിന്റെ പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 3:08 pm

ആടുജീവിതം സിനിമ കണ്ട എല്ലാവരും പൃഥ്വിരാജിന്റെ ഡെഡിക്കേഷനോടൊപ്പം പറയുന്ന പേരാണ് ഗോകുലിന്റേത്. നോവല്‍ വായിച്ചവര്‍ക്ക് തീരാനോവായി മാറിയ ഹക്കിം എന്ന കഥാപാത്രമായി ഗോകുല്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. നോവലിലെ ഹക്കിമിന്റെ വേദനകളും പ്രതീക്ഷകളും അതേപടി സ്‌ക്രീനില്‍ കാണിക്കാന്‍ ഈ യുവനടന് സാധിച്ചു.

സിനിമക്ക് വേണ്ടി ശരീരഭാരം കുറച്ച സമയത്ത് എടുത്ത ഫോട്ടോ താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ആ സമയത്ത് തന്റെ പ്രചോദനം ഹോളിവുഡ് താരം ക്രിസ്ത്യന്‍ ബെയ്‌ലായിരുന്നുവെന്നും ഗോകുല്‍ പറഞ്ഞു. 2004ല്‍ പുറത്തിറങ്ങിയ മെഷിനിസ്റ്റ് എന്ന ഹോളിവുഡ് സിനിമക്ക് വേണ്ടി ബെയ്ല്‍ നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ബെയ്‌ലിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡും ലഭിച്ചിരുന്നു.

ഇന്‍സോംനിയ ബാധിതനായ ട്രെവര്‍ റെസ്‌നിക് എന്ന കഥാപാത്രത്തിനായി ദിവസവും ഒരു ആപ്പിളും, ഒരു കപ്പ് കാപ്പിയും മാത്രം കുടിച്ച് 28 കിലോയോളം കുറച്ചതാണ് തന്റെ പ്രചോദനമെന്നാണ് ഗോകുല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം,

‘ആടുജീവിതത്തിനായുള്ള തയാറെടുപ്പിനിടയില്‍. ക്രിസ്റ്റ്യന്‍ ബെയ്ല്‍ എന്ന നടന്റെ പകരം വെക്കാനില്ലാത്ത ഡെഡിക്കേഷനായിരുന്നു എന്റെ പ്രചോദനം. 2004ല്‍ പുറത്തിറങ്ങിയ മെഷിനിസ്റ്റ് എന്ന ത്രില്ലര്‍ ചിത്രത്തിലെ ട്രെവര്‍ റാസ്‌നിക് എന്ന ഇന്‍സോംനിയ ബാധിതനാവാനായി സ്ട്രിക്റ്റ് ആയിട്ടുള്ള വാട്ടര്‍ ഡയറ്റും, ദിവസവും ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയും മാത്രം കഴിച്ച് 28 കിലോയോളം കുറച്ചത് എന്നെ ആഴത്തില്‍ ഇംപ്രസ് ചെയ്യിച്ചു.

ബെയ്‌ലിന്റെ ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ സിനിമക്ക് കള്‍ട്ട് ക്ലാസിക് പരിവേഷം നല്‍കാന്‍ സഹായിച്ചു. അദ്ദേഹത്തിന്റെ വര്‍ക്കുകളുടെ ഒരു ആരാധകന്‍ എന്ന നിലയില്‍ എന്റെ ഈ അധ്വാനം ബെയ്‌ലിനുള്ള സമര്‍പ്പണം കൂടിയാണ്,’ ഗോകുല്‍ പറഞ്ഞു.

Content Highlight: Gokul KR saying that the character of Christian Bale in Machinist movie was his inspiration for Aadujeevitham