ആടുജീവിതം എന്ന നോവല്‍ സിനിമാരൂപത്തില്‍ എത്തിയിരിക്കുകയാണ്. നോവലിന്റെ തീവ്രത അതേപടി സ്‌ക്രീനില്‍ എത്തിക്കാന്‍ ബ്ലെസിക്കും പൃഥ്വിരാജിനും സാധിച്ചിട്ടുണ്ട്. ആദ്യദിനം തന്നെ ഗംഭീര പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. പൃഥ്വി എന്ന നടന്‍ നജീബായി ഓരോ നിമിഷവും ജീവിക്കുകയായിരുന്നു. 16 വര്‍ഷം ഒരു സിനിമക്ക് വേണ്ടി മാറ്റിവെച്ച ബ്ലെസിയുടെ സമര്‍പ്പണത്തിന്റെ വിജയം കൂടിയാണിത്.
സിനിമയില്‍ പൃഥ്വിരാജിന്റെ പെര്‍ഫോമന്‍സിനോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു പേരാണ് ഗോകുലിന്റെത്. നോവല്‍ വായിച്ച ആരും മറക്കാനിടയില്ലാത്ത ഹക്കിം എന്ന കഥാപാത്രത്തെ മറ്റാര്‍ക്കും ചെയ്തു ഫലിപ്പിക്കാന്‍ പറ്റാത്തവിധത്തില്‍ ഗംഭീരമാക്കിയിട്ടുണ്ട്.
നോവല്‍ വായിച്ചവരെ ദിവസങ്ങളോളം വേട്ടയാടുന്ന സംഭവമാണ് ഹക്കിമിന്റെ മരണം. സിനിമയില്‍ അത് ചിത്രീകരിച്ചിരിക്കുന്ന രീതി കൈയടിയര്‍ഹിക്കുന്നതാണ്. ആ സീന്‍ ഷൂട്ട് ചെയ്തതിനെപ്പറ്റി ഗോകുല്‍ സംസാരിച്ചു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്.
‘അത് മണലല്ല, അവലോസ് പൊടിയായിരുന്നു. കണ്ടാല്‍ യഥാര്‍ത്ഥ മണലാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ അത് ഉണ്ടാക്കിയെടുത്തത് ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്തേട്ടനും ടീമുമായിരുന്നു. അവരുടെ ഒരു ബ്രില്യന്‍സ് കാണിച്ച സീനായിരുന്നു അത്. ഷൂട്ട് ചെയ്ത സമയത്ത് വളരെ ചെറിയൊരു സ്ഥലത്ത് അത് കൊണ്ടുവെക്കും, ഞാന്‍ പോയി അത് എടുത്ത് കഴിക്കണം.
കറക്ട് സ്ഥലത്ത് തന്നെ പോയി വീഴണം, ഇല്ലെങ്കില്‍ ശരിയാവില്ല. കാരണം സ്ഥലം മാറിയാല്‍ ഞാന്‍ ശരിക്കുള്ള മണലാവും കഴിക്കേണ്ടി വരിക. അതെങ്ങാനും കഴിക്കേണ്ടി വന്നിരുന്നെങ്കില്‍ യഥാര്‍ത്ഥ ഹക്കിമിനെപ്പോലെ ഞാനും ആ മരഭൂമിയില്‍ കിടന്ന് മരിച്ചേനെ,’ ഗോകുല്‍ പറഞ്ഞു.
Content Highlight: Gokul KR about the san eating scene in Aadujeevitham movie