ബാംഗ്ലൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലത്തായാണ് അവളുള്ളത്.
ഗോകര്‍ണം!
കേരളത്തില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ മംഗലാപുരം വഴി ദേശീയപാത 17ലൂടെ ഗോകര്‍ണത്തില്‍ എത്തിച്ചേരാം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റര്‍ ആണ് ഗോകര്‍ണത്തിലേക്കുള്ള ദൂരം.
എറ്റവും മനോഹരങ്ങളായ അഞ്ച് ബീച്ചുകള്‍ അവള്‍ സമ്മാനിച്ചിരിക്കുന്നു. ഗോകര്‍ണം, കുഡ്‌ലെ, ഹാഫ് മൂണ്‍, ഓം, പാരഡൈസ് എന്നിവയാണ് ആ സുന്ദരതീരങ്ങള്‍.
എത്ര ശാന്തമാണെന്നോ ഗോകര്‍ണം, നഗരത്തിന് തിരക്കുകള്‍ അവളറിഞ്ഞിട്ടുപോലുമില്ല. വെളുക്കുന്നതിന് തൊട്ട് മുന്‍പ് അവളുടെ മാറിലേക്ക് തോള്‍സഞ്ചിയുമായി ചെന്ന് കയറുമ്പോള്‍ പാതി മയക്കത്തിലായിരുന്നിരിക്കണം. അതിനിടക്ക് ചെക് പോസ്റ്റില്‍ വെച്ചു പോലീസിന്റെ വക പരിശോധനയെയും. ലഹരി വസ്തുക്കള്‍ കയ്യിലുണ്ടോ എന്നതായിരുന്നു അവരുടെ സംശയം.
എന്നെയും സുഹൃത്തിനെയും അടിമുടി പരിശോധിച്ചു. ബാഗുകളിലെ സാധനങ്ങള്‍ എല്ലാം വലിച്ചു പുറത്തിട്ടു. സിഗരറ്റ് വലിക്കുമോ എന്ന് ഇടക്കിടക്ക് ചോദിക്കുന്നുണ്ടായിരുന്നു. മേശയില്‍ എടുത്തിട്ട തുണികളെല്ലാം പെറുക്കിക്കൂട്ടി സഞ്ചിയില്‍ കുത്തിനിറച്ച് ചെക്ക് പോസ്റ്റില്‍ നിന്നിറങ്ങി.
അല്‍പം ഫ്‌ലാഷ്ബാക്ക്.
നേത്രാവതി എക്‌സ്പ്രസ്സിലെ സ്ലീപ്പര്‍ കോച്ചില്‍ നിന്നും വെളുപ്പിനെ മൂന്നു മണിക്ക് പാതി മയക്കത്തില്‍ കുംത സ്റ്റേഷനിലാണ് ഇറങ്ങിയത്. തൊട്ടടുത്ത സ്റ്റേഷന്‍ ഗോകര്‍ണമാണ്. പക്ഷേ നേത്രാവതിക്ക് സ്റ്റോപ്പില്ല. കുംത റയില്‍വേ സ്റ്റേഷനില്‍ നിന്നും അല്‍പം നടന്നാല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്താം.
തിരക്കിയപ്പോള്‍ രാവിലെ ആറുമണിക്കാണ് ആദ്യ ബസ്. മൂന്നു മണിക്കൂര്‍ വെറുതെ കളയാന്‍ കഴിയാത്തതുകൊണ്ട് ഓട്ടോക്കാരുടെ നേരെ നടന്നു. കുംതയില്‍ നിന്നും 30 കിലോമീറ്ററോളം ഉണ്ട് ഗോകര്‍ണത്തിന്. ആയിരത്തി മുന്നൂറില്‍ തുടങ്ങിയ വിലപേശല്‍ 650ഇല്‍ ഉറപ്പിച്ച് യാത്ര തുടങ്ങി.
(മംഗലാപുരത്ത് നിന്നുള്ള പാസഞ്ചര്‍ ട്രയിനിന് കേറിയാല്‍ ഗോകര്‍ണത്ത് ഇറങ്ങാന്‍ കഴിയും)
കഥ തുടരുന്നു.
ബാറുകളും ബിയര്‍ പാര്‍ലറുകളും അനവധിയുണ്ട് ഗോകര്‍ണത്ത്. കടല്‍ത്തീരത്തിനടുത്തുള്ള മിക്ക കടകളിലും ഇവ ലഭ്യമാണ്.
തെന്നിന്ത്യയിലെ ഹിപ്പികളുടെ പ്രധാന ഇടത്താവളമായതുകൊണ്ടാകാം ഇത്ര കര്‍ശനമായ പരിശോധന. ഗോകര്‍ണത്തിലെങ്ങും കാണാം ജടകെട്ടിയ മുടിയുമായി നടക്കുന്ന വിദേശികളെ.
ഹിപ്പികളാണ് ഗോകര്‍ണത്തേക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. “നീയേത് ഗോകര്‍ണത്ത് പോയി കിടക്കുവാടാ” എന്ന് പണ്ടുള്ളവര്‍ ചോദിച്ചിരുന്നത് ഓര്‍മയില്ലേ. ഹിപ്പികള്‍ എത്തിച്ചേരും മുന്‍പ് വരെ ഗോകര്‍ണം ഒരു തീര്‍ത്ഥാടന കേന്ദ്രം മാത്രമായിരുന്നു.
യോഗ, മസ്സാജ്, ധ്യാനം തുടങ്ങിയ പൊടിക്കൈകളും ഹിപ്പികളും ചേര്‍ന്ന് ഗോകര്‍ണത്തേ ഒരു സ്പിരിച്വല്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റി കഴിഞ്ഞിരിക്കുന്നു. ട്രെക്ക് ചെയ്ത് എത്താന്‍ കഴിയുന്ന തീരങ്ങള്‍. അവിടങ്ങളില്‍ ഓലപ്പുരകള്‍ നിര്‍മിച്ച് കൊടുക്കുന്ന ആളുകളുണ്ട്. വൈദ്യുതിക്ക് സോളാര്‍ പാനലുകളുണ്ട്. കൃഷിയിടങ്ങളുണ്ട്. ആ ഓലപ്പുരകളില്‍ കടലിന്റെ കാറ്റുമേറ്റ് വാണിജ്യ ടൂറിസത്തില്‍ നിന്നകന്ന് അവര്‍ ജീവിക്കുന്നു. എത്ര രസമാണത്.
അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം. നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണതത്രെ!
കദംബരും വിജയനഗര രാജാക്കന്മാരും ഭരിച്ചിരുന്ന ഈ സ്ഥലം പിന്നീട് പോര്‍ച്ചുഗീസുകാര്‍ കയ്യടക്കുകയായിരുന്നു. കേരളോല്‍പത്തിയെ കുറിച്ചുള്ള മിത്തുകളിലും ഗോകര്‍ണത്തിന് സ്ഥാനമുണ്ട്. ഗോകര്‍ണത്ത് നിന്നാണത്രെ പരശുരാമന്‍ മഴുവെറിഞ്ഞു കേരളത്തെ സൃഷ്ടിച്ചത്!
ഗോകര്‍ണം ഒരു തീര്‍ത്ഥാടന കേന്ദ്രമായതിനു പിന്നില്‍ ഇവിടുത്തെ പ്രസിദ്ധമായ മഹാബലേശ്വര ശിവക്ഷേത്രമാണ് കാരണം. ഗോകര്‍ണം ദക്ഷിണ കാശി എന്നും അറിയപ്പെടുന്നുണ്ട്. ദക്ഷിണ ഭാരതത്തിലെ ശൈവ ബ്രാഹ്മണരുമായി ബന്ധപെട്ട നൂറ്റെട്ട് ശിവാലയങ്ങളില്‍ ഏറ്റവും വടക്കുള്ളതാണത്രെ ഇത്.
ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ശിവഭക്തന്മാര്‍ ഇവിടെ എത്താറുണ്ട്. തമിഴ്കവികളായ അപ്പാറിന്റെയും സാമ്പന്ദറുടെയും ഭക്തിഗീതങ്ങളില്‍ ഈ ക്ഷ്രേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. ഗോകര്‍ണത്തെ പറ്റിയുള്ള മിത്തുകളില്‍ രാവണനും സ്ഥാനമുണ്ട്. അതിപ്രകാരമാണ്.
“തപസ്സുചെയ്ത് ശിവനെപ്രീതിപ്പെടുത്തി നേടിയ ശിവലിംഗവുമായി ലങ്കയിലേയ്ക്ക് പോകും വഴി രാവണന്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കായി ഗോകര്‍ണത്തിറങ്ങി. സ്വതേ രാക്ഷസരാജാവിന്റെ ശക്തിയെ ഭയന്നിരുന്ന ദേവകള്‍ ശിവന്റെ ആത്മലിംഗം കൂടി ലഭിച്ചതോടെ രാവണന്റെ പ്രഭാവം വര്‍ധിയ്ക്കുമെന്നോര്‍ത്ത് അസ്വസ്ഥരായി. അവര്‍ എല്ലാവരും കൂടി ശിവപുത്രനായ ഗണപതിയെ അഭയം പ്രാപിച്ചു.
ദേവകളുടെ ആവശ്യപ്രകാരം ഗണപതി ഒരു ബാലന്റെ രൂപത്തില്‍ ഗോകര്‍ണത്ത് സന്ധ്യാവന്ദനത്തിനെത്തിയ രാവണന്റെ അടുത്തെത്തി. നിലത്തുവെയ്ക്കാന്‍ പാടില്ല എന്ന നിര്‍ദേശത്തോടെ രാവണന്‍ ശിവലിംഗം ഗണപതിയുടെ കയ്യിലേല്‍പ്പിച്ചു. രാവണന്‍ പൂജനടത്തുന്നതിനിടെ ഗണപതി ലിംഗം നിലത്തു വച്ചു.
പിന്നീട് ബലവാനായ രാവണന്‍തന്നെ ശ്രമിച്ചിടും മണ്ണില്‍ നിന്നും ശിവലിംഗം ഇളക്കിയെടുക്കാന്‍ കഴിഞ്ഞില്ല. മഹാബലത്തോടെ മണ്ണില്‍ ഉറച്ചുപോയതിനാലാണത്രേ പിന്നീട് ക്ഷേത്രത്തിന് മഹാബലേശ്വര ക്ഷേത്രമെന്ന പേരുവീണത്. ആറടി നീളമുള്ള ശിവലിംഗം ഭൂമിക്കടിയിലായിട്ടാണുള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു.”
പുരാതന ആരാധനാലയങ്ങളില്‍ എനിക്കുള്ള കമ്പം കലാപരമായുള്ള മേന്മകളാണ്. വാസ്തുവിദ്യയും ചുവര്‍ചിത്രങ്ങളും ശിലാലിഖിതങ്ങളുമാണ്. അതുകൊണ്ട് തന്നെ മഹാബലേശ്വര ക്ഷേത്രം അത്രക്കൊന്നും ആകര്‍ഷിച്ചില്ല. ദ്രാവിഡീയ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രധാന അറയ്ക്കുള്ള ഗോപുരമാണ് എടുത്തുപറയത്തക്കതായ സൃഷ്ടി. ക്ഷേത്രത്തിനു പിന്നിലായി സൂക്ഷിച്ചിരിക്കുന്ന ഭീമാകാരനായ രഥത്തിലെ കൊത്തുപണികള്‍ മനോഹരമാണ്. ശിവരാത്രിയില്‍ ഇവിടെ രഥോത്സവം നടത്തപ്പെടുന്നു.
വിജയനഗര രാജാവ് ക്ഷേത്രദര്‍ശനം നടത്തുകയും, സ്വര്‍ണ്ണത്തില്‍ തന്റെ തുലാഭാരം നടത്തുകയും ചെയ്തിരുന്നതായി രേഖകളുണ്ട്.1665ല്‍ മറാട്ടാ ചക്രവര്‍ത്തി ശിവാജി ഇവിടെ ക്ഷേത്രദര്‍ശനം നടത്തിയിരുന്നെന്നും പറയപ്പെടുന്നു. ഇംഗ്ലീഷ് യാത്രികനായ ഫ്രയര്‍ ഇവിടെ സന്ദര്‍ശിക്കുകയും ഇവിടുത്തെ ശിവരാത്രിയില്‍ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം ഇവിടുത്തെ ശിവരാത്രി ആഘോഷത്തെപറ്റി തന്റെ യാത്രാവിവരണത്തില്‍ കുറിപ്പെഴുതുകയും ചെയ്തിരുന്നു.
ഏതാണ്ട് ആറടിയോളം ഉയരമുള്ള ഒരു വെളുത്തൊരു കാളക്കൂറ്റന്‍ നന്ദികേശനെന്ന പേരില്‍ പൂജിക്കപ്പെടുന്നുണ്ടവിടെ. ആന്ധ്രയാണ് നാല് വയസ്സ് പ്രായമായ ഇഷ്ടന്റെ ജന്മദേശം. ഒഗോളെ എന്ന നാടന്‍ വിഭാഗത്തില്‍ പെട്ട കാളയാണിത്. ആന്ധ്രാപ്രദേശിലെ ഒഗോളെ എന്ന സ്ഥലത്തിന്റെ പേരില്‍ നിന്നാണ് ഇതിന്റെ നാമം സ്വീകരിക്കപ്പെട്ടത്. ചിത്രമെടുക്കാന്‍ അനുവാദമില്ലാത്തത്തിനാല്‍ പുള്ളിക്കാരനെ ഒന്നു തലോടി ക്ഷേത്രത്തില്‍ നിന്നുമിറങ്ങി.
ക്ഷേത്രത്തില്‍ നിന്നും നേരേ കിടക്കുന്ന വഴിയില്‍ കുറച്ച് നടന്നാല്‍ ഗോകര്‍ണം ബീച്ചിലെത്തും. മറ്റ് ബീച്ചുകളെ അപേക്ഷിച്ച് അല്‍പം തിരക്ക് കാണാം. ക്ഷേത്രത്തില്‍ വരുന്നവര്‍ ഇവിടെ കുളിക്കാന്‍ വരുന്നതാണ് അതിനു കാരണം. ഗോകര്‍ണം ബീച്ചിന്റെ മുഴുവന്‍ ഭംഗിയും ആസ്വദിക്കാന്‍ ഇടത്തോട്ട് കടല്‍ത്തീരം ചേര്‍ന്ന് നടക്കണം.
അടുത്ത പേജില്‍ തുടരുന്നു
ഒരുഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഗോകര്‍ണം ബീച്ചിലേത്. ബീച്ച് ടു ബീച്ച് ട്രക്കിങ് ഇവിടെ ആരംഭിക്കുന്നു. അവിടെ ഒരു കുന്നിന്‍ മുകളില്‍ ഒരു രാമക്ഷേത്രമുണ്ട്. അവിടെ നിന്നാല്‍ വിശാലമായ കടലും ഗോകര്‍ണവും കാണാം.
ക്ഷേത്രത്തിനും മുകളിലോട്ടുള്ള പടികള്‍ കയറിയാല്‍ വീണ്ടും കുന്നുകളാണ്. നടക്കാം. ഇടക്ക് വലത്തോട്ട് തിരിഞ്ഞ് ഒരു മലയറി ചെന്നാല്‍ വിവിധ ഷേപ്പിലുള്ള പാറയുടെ വിടവും ഗര്‍ത്തവും അറബിക്കടലുമാണ് മുന്നില്‍. കാറ്റുകൊണ്ട് അവിടെ അല്‍പം വിശ്രമിച്ചിരുന്നു.
ഇനി ലക്ഷ്യം കുഡില്‍ ബീച്ച് ആണ്. ഗോകര്‍ണത്തെ ഏറ്റവും വലിയ ബീച്ചാണ് ഇത്. ഈ ബീച്ചിന്റെ രണ്ടു വശങ്ങളിലും കുന്നുകളാണ്. വിശാലമായ മണല്‍പരപ്പുള്ളതിനാല്‍ ബീച്ച് സോക്കര്‍ കളിക്കാരുടെ പ്രിയങ്കരമായ ഇടമാണിവിടം. ഒരു വശത്തെ കുന്നുകളില്‍ കുടിലുകള്‍ നിര്‍മിച്ചിരിക്കുന്നത് കാണുവാന്‍ കഴിയും.
കുഡില്‍ ബീച്ചില്‍ നിന്ന് അടുത്ത ലക്ഷ്യമായ ഹാഫ് മൂണിലെക്ക് ആറ് കിലോമീറ്ററോളം ഉണ്ട്. ഇവിടെ നിന്നും ഓട്ടോ കിട്ടും. ഞങ്ങള്‍ ട്രെക്ക് ചെയ്യാന്‍ തന്നെ തീരുമാനിച്ചിരുന്നു. ദൂരക്കൂടുതല്‍ ഉള്ളതിനാല്‍ ഹാഫ് മൂണിനും അപ്പുറം കിടക്കുന്ന പാരഡൈസ് അഥവാ ഫുള്‍ മൂണ്‍ ബീച്ച് ഒഴിവാക്കി.
കുഡില്‍ നിന്നുമുള്ള ടാറിട്ട റോഡ് നേരെ ഓം ബീച്ചിലേക്കാണ്. ഞങ്ങള്‍ ഫാഫ് മൂണില്‍ നിന്നും ട്രക്ക് ചെയ്ത് ഓം ബീച്ചില്‍ വരാനാണ് നിശ്ചയിച്ചിരുന്നത്. ഓം ബീച്ചിലേക്ക് തിരിയുന്നിടത്ത് വെച്ച് വലത്തോട്ടുള്ള മണ്‍പാത പിടിച്ച് ഹാഫ് മൂണ്‍ ലക്ഷ്യമാക്കി നടന്നു.
കുറച്ച് ദൂരം വീതിയുള്ള റോഡ് കഴിഞ്ഞാല്‍ പിന്നെ ഒറ്റയടിപ്പാതയാണ്. കാട്ടിലൂടെ ഒരു മല തന്നെ ഇറങ്ങി ചെല്ലണം ഈ റിമോട്ട് പ്ലേസിലേക്ക്. ഹാഫ് മൂണ്‍ ഹിപ്പികളുടെ താവളമാണ് . പുറം ലോകവുമായി ബന്ധപ്പെടാതെ കിടക്കുന്ന സ്ഥലത്ത് അവര്‍ കുടിലുകളില്‍ കഴിയുന്നു.
ഹാഫ് മൂണിന്റെ സൗന്ദര്യം ആസ്വദിച്ചവരാരായാലും ആഗ്രഹിക്കും ഒരു രാത്രി അവിടെ ചിലവഴിക്കാന്‍. ഒന്നോ രണ്ടോ ചെറിയ കടകളുണ്ട്. വിദേശികളെ ഉദ്ദേശിച്ചുള്ളതിനാല്‍ അവിടെ ബിയറും കിട്ടും. ഹാഫ്മൂണ്‍ ബീച്ചില്‍ നിന്ന് പാറക്കെട്ടുകളിലൂടെ 20 മിനിട്ട് നടന്നാല്‍ പാരഡൈസ് ബീച്ചിലെത്താം.
ബീച്ചുകളെ ബന്ധിപ്പിച്ച് കടലില്‍ക്കൂടി ബോട്ട് സര്‍വീസ് ഉണ്ട്. ഹാഫ്മൂണില്‍ നിന്നും പോയത് ഓം ബീച്ചിലേക്കാണ്. സുന്ദരമായ ട്രക്ക് റൂട്ടുകളില്‍ ഒന്നാണത്. കീഴ്ക്കാംതൂക്കായ ഒരു കുന്നിനാല്‍ വിഭജിക്കപ്പെട്ടുകിടക്കുകയാണ് ഹാഫ്മൂണ്‍ ബീച്ചും ഓം ബീച്ചും. കാല് തെറ്റിയാല്‍ കടലില്‍ വീഴുന്ന പാതയില്‍ കൂടിവേണം ഹാഫ് മൂണില്‍ നിന്നും ഓം ബീച്ചിലെക്ക് എത്താന്‍.
ഗോകര്‍ണത്തെ അഞ്ച് ബീച്ചുകളില്‍ ഏറ്റവും ജനപ്രിയമായത് ഓം ബീച്ചാണ്. ഓം ആകൃതിയില്‍ കിടക്കുന്നതുകൊണ്ടാണ് ഇതിന് അങ്ങനെ പേര് വന്നത്. അസ്തമയം കണ്ടിരുന്നത് ഓം ബീച്ചിലാണ്. ഇരുട്ടി തുടങ്ങിയപ്പോള്‍ അവടെ നിന്നും തിരിച്ചു.
ഓട്ടോ പിടിച്ച് താമസ സ്ഥലത്ത് എത്തി. ഹോട്ടല്‍ ഗോകര്‍ണ ഇന്റര്‍നാഷണലില്‍ ആരുന്നു താമസം. എഴുന്നൂറ് രൂപക്ക് തരക്കേടില്ലാത്ത ഡബിള്‍ റൂം കിട്ടി. അതില്‍ കുറഞ്ഞ റേറ്റിനും മുറികള്‍ ലഭിക്കുന്ന ലോഡ്ജുകളും മറ്റുമുണ്ട്. ബീച്ചിനോട് അടുക്കും തോറും റൂമിന് ചാര്‍ജ് കൂടും.
ഭക്ഷണത്തിനും പൊതുഗതാഗതത്തിനും കേരളത്തെ അപേക്ഷിച്ച് ചിലവ് കൂടുതലാണ്. ബീച്ച് സൈഡിലുള്ള കുടിലുകളിലൊക്കെ താമസിച്ച് രണ്ടു ദിവസം കൊണ്ടു ഗോകര്‍ണം ആസ്വദിക്കുന്നതാണ് നല്ലത്. അത്രയും സുന്ദരമാണ് ഈ ഭൂപ്രദേശം.
യാത്ര തുടരുകയാണ്. മുരുദേശ്വര്‍ ആണ് അടുത്ത ലക്ഷ്യം. പോകും വഴി മിര്‍ജാന്‍ ഫോര്‍ട്ടും കാണേണ്ടതുണ്ട്…