ജനതാദള്‍ എസുമായുള്ള സഖ്യവും വോട്ടിംഗ് യന്ത്ര അട്ടിമറിയും എല്ലാം ചര്‍ച്ചയായി കര്‍ണാടകയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ച. കോണ്‍ഗ്രസ് മത്സരിച്ച 21 സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. തോറ്റ സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു യോഗം.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബി.കെ ഹരിപ്രസാദ്, ഡി.ആര്‍ പാട്ടീല്‍, കെ.ബി ഗൗഡ, ഈശ്വര്‍ കന്ദ്ര എന്നീ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ഒഴിച്ച് മറ്റ് സ്ഥാനാര്‍ത്ഥികളാണ് യോഗത്തില്‍ പങ്കെടുത്തത്. കര്‍ണാടകത്തിന്റെ ചാര്‍ജ്ജുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മോഡി തരംഗം ആഞ്ഞടിച്ച 2014ല്‍ ഒറ്റക്ക് ഒന്‍പത് പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഇത്തവണ സഖ്യമുണ്ടായിട്ട് പോലും അത്രയും സീറ്റില്‍ പോലും സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ജനതാദളിനോട് സഖ്യമില്ലായിരുന്നുവെങ്കില്‍ മികച്ച വിജയം നേടാന്‍ കഴിയുമായിരുന്നുവെന്ന് വീരപ്പമൊയ്‌ലി യോഗത്തിലും ആവര്‍ത്തിച്ചു.ജനതാദള്‍ എസ്-കോണ്‍ഗ്രസ് സര്‍ക്കാരിനോട് പൊതുവേയുള്ള ജനവികാരം തെരഞ്ഞെടുപ്പില്‍ ബാധിച്ചിരിക്കാമെന്ന് നേതാക്കള്‍ വിലയിരുത്തി. എന്ത് തന്നെ സംഭവിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കണമെന്ന് അഭിപ്രായമുയര്‍ന്നു.
വോട്ടിംഗ് യന്ത്രത്തിലെ അട്ടിമറി സാധ്യതയെ കുറിച്ച് മുന്‍ എം.പിയായ വി.എസ് ഉഗ്രപ്പ പറഞ്ഞു. ഒരിക്കലും തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൃത്യമായ തെളിവ് ഉണ്ടെങ്കില്‍ മാത്രമേ വിഷയം ഉയര്‍ത്താനാവൂ എന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ച.
തെറ്റുകളില്‍ നിന്ന് പഠിക്കാനും സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും തോറ്റ സ്ഥാനാര്‍ത്ഥികളോട് കെ.സി വേണുഗോപാല്‍ പറഞ്ഞു. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ജില്ലാ, ബ്ലോക്ക്, ബൂത്ത് തലത്തില്‍ പുനസംഘടന നടത്താനും ജില്ലാ കണ്‍വെണ്‍ഷനുകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.