ആരോഗ്യപ്രശ്‌നം കണക്കിലെടുത്ത് വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ബജ്‌രംഗി ആവശ്യപ്പെടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തനിക്ക് നിരവധി അസുഖങ്ങളാണ് പിടിപെട്ടിട്ടുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2002ലെ കേസിനു പുറമേ നരോദ ഗാം കലാപക്കേസിലും ബജ്‌രംഗി നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ബജ്‌രംഗിയുടെ കത്തില്‍ ഗവര്‍ണര്‍ എന്തു തീരുമാനം കൈക്കൊള്ളുമെന്ന് കാത്തിരിക്കുകയാണ് കലാപക്കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം. ബജ്‌രംഗി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കാനുള്ളതിനാല്‍ അദ്ദേഹത്തിന്റെ കത്തിനു യാതൊരു നിയമസാധുതയുമില്ലെന്നാണ് എസ്.ഐ.ടി കരുതുന്നതെന്നാണ് ഉറവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
തന്നെ കുറ്റക്കാരനാക്കിയത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച് ബജ്‌രംഗി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ദയാഹര്‍ജി നിലനില്‍ക്കില്ലെന്നും എസ്.ഐ.ടി ഉറവിടങ്ങള്‍ വ്യക്തമാക്കി.
അതേസമയം, ദയാഹര്‍ജിയില്‍ ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെടുകയാണെങ്കില്‍ നല്‍കാനായി എസ്.ഐ.ടി മറുപടി തയ്യാറാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
2012 ആഗസ്റ്റ് 31നാണ് നരോദ പാട്യ കേസുമായി ബന്ധപ്പെട്ട് ബജ്‌രംഗിയുള്‍പ്പെടെ 31 പേരെ പ്രത്യേക കോടതി കുറ്റക്കാരാണെന്നു കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇനിയുള്ള കാലം കഠിന തടവില്‍ കഴിയാനായിരുന്നു കോടതി വിധി. വ്യക്തമായ കാരണമുണ്ടെങ്കില്‍ സര്‍ക്കാറിനു ശിക്ഷാവിധിയില്‍ ഇളവു നല്‍കാമെന്നും വിധി ന്യായത്തില്‍ പറഞ്ഞിരുന്നു.