| Wednesday, 18th March 2020, 3:43 pm

ജസ്റ്റിസ് ഗോഗോയുടെ രാജ്യസഭാംഗത്വം: ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന് പരിക്കേല്‍ക്കുമ്പോള്‍

ശ്രുതിസാഗർ യമുനാൻ

മൊഴിമാറ്റം: കെ.എന്‍.കണ്ണാടിപ്പറമ്പ്

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാമനിര്‍ദേശം ചെയ്തിരിക്കുന്നു. ഇതോടെ കേന്ദ്രഗവണ്മെന്റ് രാജ്യസഭയിലേക്കയച്ച ”വിശിഷ്ടാംഗങ്ങളില്‍” ഒരാളായി ഗോഗോയി മാറും.

എന്നാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാന്‍ അദ്ദേഹത്തിന് ആറുമാസത്തെ സമയമുണ്ടുതാനും.

ഈ നിയമനത്തോടെ, ഭരണഘടന അനുശാസിക്കുന്ന ‘ജുഡീഷ്യല്‍ സ്വാതന്ത്ര്യം’ എന്ന കാതലായ ആശയം ഐ.സി.യു വില്‍ എത്തിനില്‍ക്കുന്നു എന്നു വേണം പറയാന്‍.

2018 ല്‍, അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിന്റെ തലവനായിരുന്ന ഗോഗോയ്, ജഡ്ജിമാര്‍ക്ക് റിട്ടയര്‍മെന്റിനു ശേഷം നിയമനങ്ങള്‍ നല്‍കുന്നത് ‘ജുഡീഷ്യല്‍ സ്വാതന്ത്ര്യ’മെന്ന ആശയത്തെ അപകടപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം, കോടതിയിലെ ഒരു വനിതാ ഉദ്യോഗസ്ഥ തനിക്കെതിരായി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഒരു ശനിയാഴ്ച പകല്‍ അസാധാരണമായ വാദം കേള്‍ക്കല്‍ വിളിച്ചു ചേര്‍ത്ത് ‘ഏതൊരു ജഡ്ജിയുടെയും ഏറ്റവും വലിയ സമ്പാദ്യം അയാളുടെ സല്‍കീര്‍ത്തിയാണെന്നു’ പ്രഖ്യാപിക്കുകയുണ്ടായി.

മാത്രമല്ല, താരതമ്യേന വളരെക്കുറഞ്ഞ തന്റെ സാമ്പത്തികസ്ഥിതി ഒരു ജഡ്ജിയെന്ന നിലയില്‍ താന്‍ പുലര്‍ത്തിയ നിഷ്പക്ഷതയ്ക്ക് തെളിവാണെന്നും, ഒരു പക്ഷെ തന്റെ പ്യൂണിനുള്ള സമ്പാദ്യം പോലും തനിക്കുണ്ടാവില്ല എന്നും കൂട്ടിച്ചേര്‍ത്തു.

ഈ തിങ്കളാഴ്ചയോടെ ഉന്നതമായ ആ പ്രഖ്യാപനങ്ങള്‍ ഒന്നുമല്ലാതായിത്തീര്‍ന്നിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന സ്ഥാനമാനങ്ങള്‍ ചൂണ്ടയില്‍ കോര്‍ത്ത ഇരയാണ്. വിരമിച്ച ശേഷമുള്ള ജോലി വാഗ്ദാനം ഒരു റിട്ടയേര്‍ഡ് ജഡ്ജിക്കുള്ള പ്രതിഫലമെന്നതിലുപരിയായി, ഇപ്പോഴും ജോലി ചെയ്യുന്ന ജഡ്ജിമാര്‍ക്ക് നല്‍കുന്ന സന്ദേശം കൂടിയാണ്: ‘ഇപ്പോള്‍ ഞങ്ങളെ സഹായിക്കൂ, നാളെ നിങ്ങളെ ഞങ്ങള്‍ വേണ്ടവിധം കണ്ടോളാം’

രാജ്യസഭയിലേക്കുള്ള ഗോഗോയിയുടെ നിയമനം അഭൂതപൂര്‍വമായ ഒന്നാണ്. മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്രയെ റിട്ടയര്‍മെന്റിനു ശേഷം 1998 ല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതായി ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചില അനുയായികള്‍ അഭിപ്രായപ്പെടുന്നുണ്ട്.

1984 ലെ സിഖ് വിരുദ്ധ കലാപം മിശ്ര കൈകാര്യം ചെയ്തതിന്റെ പ്രതിഫലമാണിതെന്ന നിലക്ക് വ്യാപകമായി ഈ പ്രവൃത്തി വിമര്‍ശിക്കപ്പെട്ടിരുന്നു. കലാപത്തെക്കുറിച്ച് അന്വേഷിച്ച ഏകാംഗ കമ്മിറ്റിയുടെ തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയെങ്കിലും പാര്‍ട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്. തുടര്‍ന്ന് വിരമിച്ച് എട്ട് വര്‍ഷത്തിന് ശേഷം മിശ്രയെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാര്‍ റിട്ടയേര്‍ഡ് ജഡ്ജിക്ക് നല്‍കിയ ആദ്യത്തെ രാഷ്ട്രീയ നിയമനമല്ല ജസ്റ്റിസ് ഗോഗോയിയുടെ രാജ്യസഭാംഗത്വം. 2014 ല്‍ മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണറായി നിയമിതനായിട്ടുണ്ട്.

ചീഫ് ജസ്റ്റിസായിരുന്ന കാലയളവിലുടനീളം സുപ്രധാനമായ പലകാര്യങ്ങളിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഗോഗോയി വിമര്ശിക്കപ്പെട്ടിരുന്നു.

റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിയാരോപണത്തെക്കുറിച്ചുള്ള അന്വേഷണമോ സി.ബി.ഐ ഡയറക്ടറുടെ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദമോ എന്തുമാവട്ടെ, പരസ്യമായിത്തന്നെ സര്‍ക്കാറനുകൂല തീരുമാനമാണ് ഗോഗോയ് കൈക്കൊണ്ടത്. ആസാം വിഷയത്തിലെ അഴകൊഴമ്പാന്‍ നിലപാട് വഴി, എന്‍.ആര്‍.സി യുമായി മുന്നോട്ടുപോകാന്‍ കേന്ദ്രത്തിന് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്തു അദ്ദേഹം.

ഉന്നത ജുഡീഷ്യറിയിലെ അംഗങ്ങളെ നിയമിക്കുന്നതിനും സ്ഥലം മാറ്റം നടത്തുന്നതിനും ഉത്തരവാദപ്പെട്ട ഒരു പാനല്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ച് 2015 ല്‍ കേന്ദ്ര ഗവണ്‍മെന്റ് ‘ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ആക്റ്റ്’ പാസാക്കിയപ്പോള്‍, സുപ്രീം കോടതി അത് തടഞ്ഞു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ പാനല്‍ ലംഘിക്കുമെന്നായിരുന്നു അന്നതിന് പറഞ്ഞ ന്യായം. എന്നിട്ടും ജഡ്ജിമാര്‍ക്ക് റിട്ടയര്‍മെന്റിനു ശേഷം സ്ഥാനമാനങ്ങള്‍ നല്‍കുന്ന വിഷയകമായി അര്‍ത്ഥവത്തായൊരു തീരുമാനമെടുക്കുന്നതില്‍ കോടതി നിരന്തരം പരാജയപ്പെടുന്നതായാണ് കാണപ്പെട്ടത്. ഇത് ഭരണഘടനയുടെ ആത്മാവിനെത്തന്നെയാണ് പരിക്കേല്‍പ്പിച്ചത്.

ഉന്നത ജുഡീഷ്യറിയുടെ മുമ്പിലുള്ള ഏറ്റവും വലിയ വ്യവഹാരിയാണ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ നേരത്തേ പരാമര്‍ശിച്ച നിയമനങ്ങളോരോന്നും ഭയമോ പ്രീണനമോ കൂടാതെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കോടതിയുടെ ശേഷിയെയാണ് ചോദ്യം ചെയ്യുന്നത്.

ഇത്തരം രാഷ്ട്രീയ നിയമനങ്ങള്‍ നിര്‍ത്താന്‍ സുപ്രീം കോടതി തീരുമാനിച്ചില്ലെങ്കില്‍, ജുഡീഷ്യല്‍ സ്വാതന്ത്ര്യം എന്ന ആശയം വെറും വീണ്‍വാക്കായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കടപ്പാട് : സ്‌ക്രോള്‍. ഇന്‍

ശ്രുതിസാഗർ യമുനാൻ

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more