ദിസ്പൂർ: അസമിലെ വെള്ളപ്പൊക്കത്തെ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമെന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് അസം കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. ദുരന്തത്തിൽ ഇതുവരെ 70 ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും അറിവിൻ്റെയും ആത്മാർത്ഥതയുടെയും അഭാവമാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയെത്തുടർന്ന് അസമിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടായെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു അമിത്ഷായുടെ പ്രസ്താവന.
അസമിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് അമിത്ഷാ വിചിത്രമായ പരാമർശം നടത്തുന്നത് ഇതാദ്യമല്ലെന്നും, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങളെ നേരിടുന്നതിലുള്ള ബി.ജെ.പി സർക്കാരിൻ്റെ പരാജയം മാത്രമാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്നും ഗോഗോയ് പറഞ്ഞു.
‘ആസാമിലെ ദുരന്തത്തെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷായുടെ പ്രസ്താവന അറിവില്ലായ്മയും ആത്മാർത്ഥതയില്ലായ്മയുമാണ് കാണിക്കുന്നത്. വെള്ളപ്പൊക്കത്തിൽ 70-ലധികം ആളുകൾ മരിച്ചു, എന്നിട്ടും നിലവിലെ ദുരന്തത്തെ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം എന്നാണ് പറഞ്ഞത്,’ ഗോഗോയ് എക്സിൽ പറഞ്ഞു.
വെള്ളപ്പൊക്കവും മണ്ണൊലിപ്പും കാരണം അസമിലെ ജനങ്ങൾ ദുരിതത്തിലാണെന്നും മണ്ണൊലിപ്പിൻ്റെ തോത് ഭയപെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങൾ, സ്‌കൂളുകൾ, ഏക്കർ കണക്കിന് കൃഷിയിടങ്ങൾ, വീടുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വെള്ളപ്പൊക്കത്തിൽ മുങ്ങി പോകുന്ന സാഹചര്യം ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര സ്ഥാപനങ്ങൾ, പ്രാദേശിക സമൂഹങ്ങൾ, ജില്ലാ സംസ്ഥാന ഭരണകൂടങ്ങൾ, കേന്ദ്രസർക്കാർ എന്നിവരെല്ലാം ഒരുമിച്ച് ഈ ദുരിതത്തെ നോക്കി കാണേണ്ടതുണ്ടെന്നും ഒന്നിച്ച് നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു.
Content Highlight: Gogoi criticises Shah for Assam floods remark, says minister lacks knowledge