നവംബര്‍ 22നാണ് ലോകം കാത്തിരിക്കുന്ന ഫുട്ബോള്‍ മാമാങ്കം ഖത്തറില്‍ അരങ്ങ് തീര്‍ക്കുന്നത്. രാജ്യാന്തര മത്സരത്തില്‍ കൊമ്പു കോര്‍ക്കാന്‍ ടീമുകളെല്ലാം തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജിയിലേക്ക് കൂടുമാറിയ ലയണല്‍ മെസി ടീം അര്‍ജന്റീനയെ നയിക്കും. കൂടുവിട്ട് കൂടു മാറിയെങ്കിലും ഫുട്ബോള്‍ ലോകത്ത് മാന്ത്രികത സൃഷ്ടിക്കുന്ന ആ കുറിയ മനുഷ്യന്‍ നിരവധി പുരസ്‌കാരങ്ങളാണ് ഇതിനകം പേരിലാക്കിയിരിക്കുന്നത്. കരിയറില്‍ ഏഴ് ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയ മെസിക്ക് പെനാല്‍ട്ടിയില്ലാതെ ഏറ്റവുമധികം ഗോളുകള്‍ നേടി എന്ന ഖ്യാതിയുമുണ്ട്.
നിരവധി ആരാധകരാണ് താരത്തിന് ഫുട്ബോളിനകത്തും പുറത്തുമുള്ളത്. പൊതുവെ ശാന്ത പ്രകൃതക്കാരനായ താരം കോര്‍ട്ടിനകത്തും പുറത്തും ധാരാളം ആരാധകരെയാണ് സമ്പാദിച്ചിരിക്കുന്നത്. അദ്ദേഹം പ്രതിഭയും നിശബ്ദനായ നേതാവുമാണെന്നാണ് മുന്‍ അര്‍ജന്റീനിയന്‍ കോച്ച് ജോര്‍ജ് സാമ്പോളി പറഞ്ഞിരിക്കുന്നത്.
2018ലെ ഫിഫ ലോകകപ്പ് നടക്കുമ്പോള്‍ സാമ്പോളിയായിരുന്നു അര്‍ജന്റീനയുടെ പരിശീലക പദവി അലങ്കരിച്ചിരുന്നത്. മത്സരത്തില്‍ റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ അര്‍ജന്റീന തോല്‍വി വഴങ്ങിയെങ്കിലും മെസിയെ മികച്ച കളിക്കാരനായിട്ടാണ് സാമ്പോളി അടയാളപ്പെടുത്തിയിട്ടുള്ളത്.
‘മെസിയെ നയിക്കുമ്പോള്‍ ഒരു പ്രതിഭയെ നയിക്കുന്നത് പോലെയാണ്. അദ്ദേഹം മറ്റാരെക്കാളും ഉയരത്തിലാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണ് തോല്‍ക്കുന്നതെന്നും എപ്പോഴാണ് വിജയിക്കുന്നതുമെല്ലാം. നിശബ്ദനാണെങ്കിലും ഒരു ലീഡറെന്ന നിലയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലാക്കാനാകും,’ ജോര്‍ജ് സാമ്പോളി കൂട്ടിച്ചേര്‍ത്തു.
സ്വയം സജ്ജരായ ഒരു ടീമിന് വിജയിക്കാന്‍ സാധ്യതയില്ലെന്ന് ലയണല്‍ മെസിക്ക് അറിയാമെന്നും അതാണ് അദ്ദേഹത്തെ ഒരു പ്രതിഭയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എസ്.ജിയുമായുള്ള കരാറിന്റെ അവസാന വര്‍ഷത്തിലാണ് മെസി. 2005 ലെ ഫിഫ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മെസി ആയിരുന്നു ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. ഫൈനലില്‍ നേടിയ 2 ഗോളുകളടക്കം ആകെ 6 ഗോളുകളാണ് ആ ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. അതിനുശേഷം അദ്ദേഹം അര്‍ജന്റീന ടീമിലെ സ്ഥിരം അംഗമായി. ഫിഫ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനായി അദ്ദേഹം മാറുകയായിരുന്നു.
CONTENT HIGHLIGHTS: Goerge Sampaoli on Lione Messi, He is a quiet leader