ഹൈദരാബാദ്: മാസങ്ങള്‍ക്ക് മുമ്പ് തന്നെ ട്രോളിയ അമ്പാട്ടി റായിഡുവിനെ തിരിച്ച് ട്രോളി ബിസിനസുകാരനും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സ് ഉടമ സഞ്ജീവ് ഗോയെങ്കയുടെ സഹോദരനുമായ ഹര്‍ഷ ഗോയെങ്ക.അമ്പാട്ടി റായിഡു കഴിഞ്ഞ ദിവസം ഒരു മധ്യവയ്സകനെ റോഡില്‍ വച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് ഹര്‍ഷ ഗോയങ്കെയുടെ ട്വീറ്റ്. മുമ്പ് ധോണിയെ വിമര്‍ശിച്ച ഗോയെങ്കയെ റായിഡു ട്രോളിയിരുന്നു. ഇതിന് മറുപടിയായാണ് ഗോയങ്കെയുടെ ട്വീറ്റ്.
ഐ.പി.എല്‍ പത്താം എഡിഷനില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സിനു വേണ്ടി കളിച്ച ധോണിയ്ക്ക് ക്യാപ്റ്റന്‍സി നല്‍കാതെ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തായിരുന്നു ടീമിനെ നയിച്ചത്. ആരാധകര്‍ ഇതിന് വിമര്‍ശനവുമായി വന്നതോടെ ധോണിയുടെ നിലവിലെ പ്രകടനം തൃപ്തികരമല്ലെന്നായിരുന്നു ഗോയെങ്കയുടെ മറുപടി.
എന്നാല്‍ പിന്നീട് നടന്ന ഹൈദരാബാദിനെതിരായ മത്സരത്തില്‍ 34 പന്തില്‍ 61 റണ്‍സെടുത്ത് ധോണി ടീമിനെ വിജയപ്പിച്ചിരുന്നു. പിന്നാലെ ഗോയങ്കെക്കെതിരെ റായിഡുവിന്റെ ട്വീറ്റും വന്നു. ആരെങ്കിലും ഗോയങ്കെയ്ക്ക് ഒരു കണ്ണാടി നല്‍കൂ എന്നായിരുന്നു റായിഡുവിന്റെ പ്രതികരണം.
എന്നാല്‍ ഇതിനെതിരെ അന്നൊന്നും പ്രതികരിക്കാതിരുന്ന ഗോയെങ്കെ റായിഡുവിന്റെ വാക്കുകള്‍ തന്നെ കടമെടുത്ത് തിരിച്ചടിക്കുകയായിരുന്നു.
“മികച്ച പ്രഹരം റായിഡു. ആരെങ്കിലും അയാള്‍ക്കൊരു കണ്ണാടി കൊടുക്കൂ എന്നായിരുന്നു” ഗോയങ്കെയുടെ മറുപടി.
ഗോയങ്കെയുടെ ട്വീറ്റിനുതാഴെ റായിഡുവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റും നിറയുന്നുണ്ട്.