ജാപ്പനീസ് മോണ്‍സ്റ്റര്‍ മൂവി ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ ചിത്രമായ ‘ഗോഡ്സില്ല മൈനസ് വണ്‍’ ഡിസംബര്‍ ഒന്നിന് പാന്‍-യൂറോപ്യന്‍ റിലീസിന് ഒരുങ്ങുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്തുവന്നു.
രണ്ടാം ലോക മഹായുദ്ധാനന്തര ജപ്പാനിലാണ് ‘ഗോഡ്സില്ല മൈനസ് വണ്‍’ നടക്കുന്നത്. ആണവ ആക്രമണത്തിനെതിരെയുള്ള ജപ്പാന്റെ പ്രതിഷേധമായിട്ടാണ് ഗോഡ്‌സില്ലയെ കാണുന്നത്. ‘ഗോഡ്സില്ല മൈനസ് വണ്‍’ 2018ന് ശേഷം പുറത്തിറങ്ങുന്ന ആദ്യത്തെ ടോഹോ ഗോഡ്സില്ല ചിത്രമാണ്. ടോക്കിയോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പാന്‍-യൂറോപ്യന്‍ റിലീസിനെത്തുന്നത്.
കാമികി റ്യൂനോസുകെ, ഹമാബെ മിനാമി, യമദ യുകി, ഓക്കി മുനേറ്റക, യോഷിയോക ഹിഡെറ്റക, ആന്‍ഡോ സകുര, സസാകി കുരനോസുകെ എന്നിവര്‍ ഇതില്‍ അഭിനയിക്കുന്നുണ്ട്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ബെനെലക്‌സ്, നോര്‍ഡിക്‌സ്, പോളണ്ട് എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഡിസംബര്‍ 1 മുതല്‍ ചിത്രം റിലീസ് ചെയ്യാന്‍ തുടങ്ങും.
ഗോഡ്സില്ല ഫ്രാഞ്ചൈസി ലോകമെമ്പാടും വലിയ വിജയം കൈവരിക്കുകയും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഫിലിം ഫ്രാഞ്ചൈസിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ജപ്പാനില്‍ ടോഹോ നിര്‍മ്മിച്ച ചിത്രങ്ങള്‍ ലോകമെമ്പാടും 1 ബില്യണ്‍ ഡോളറിലധികം വരുമാനം നേടിയിട്ടുണ്ട്. ലെജന്‍ഡറി പിക്‌ചേഴ്‌സിന്റെ ലൈസന്‍സിന് കീഴില്‍ സൃഷ്ടിച്ച ഹോളിവുഡ് പതിപ്പുകളുടെ വരുമാനത്തിന് പുറമെയാണ് ഇത്.
Content Highlight: Godzilla Minus One Trailer Two Out Now