തിരുവനന്തപുരം: പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രസംഗം ഷെയര്‍ ചെയ്ത് എസ്.ഐക്ക് താക്കീത്. എസ്.ഐ രാധാകൃഷ്ണ പിള്ളയാണ് ഗോഡ്‌സേയുടെ പ്രസംഗം ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്കായിരുന്നു പ്രസംഗത്തിന്റെ പരിഭാഷ എസ്.ഐ അയച്ചിരുന്നത്. തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയിരുന്നു.
തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് രാധാകൃഷ്ണ പിള്ള അന്വേഷണത്തില്‍ പറഞ്ഞത്. തുടര്‍ന്നാണ് ഇയാള്‍ക്ക് താക്കീത് നല്‍കിയത്.
കേരള പൊലീസില്‍ സംഘപരിവാര്‍ സാന്നിധ്യമുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് ഗോഡ്‌സേയുടെ പ്രസംഗം ഗ്രൂപ്പിലെത്തിയിരിക്കുന്നത്.
കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസം രംഗത്തുവന്നത് വലിയ ചര്‍ച്ചകള്‍ക്കായിരുന്നു വഴിവെച്ചിരുന്നത്.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്നും ഇതിന് പിന്നില്‍ ഇത്തരം ആര്‍.എസ്.എസ് ഗ്യാങ്ങുകളാണെന്നും ആനി രാജ പറഞ്ഞിരുന്നു.