തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഗോഡ്സെയുടെ പ്രേതമാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. നെയ്യാറ്റിൻകരയിലെ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഗോഡ്സെയുടെ പ്രേതമാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ മറക്കുകയും ഗോഡ്സെയെ വാഴ്ത്തുകയും ചെയ്യുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ല. മതേതരമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് സംഘപരിവാര്‍. അത് പറയുന്നതില്‍ എന്താണ് തെറ്റ്. ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നൽകില്ല,’ കെ. സുധാകരൻ പറഞ്ഞു.
ഫാസിസത്തിന്റെ വക്താക്കളായ ആര്‍.എസ്.എസും ബി.ജെ.പിയും നടത്തിയത് ഗാന്ധിനിന്ദയാണെന്നും ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബി.ജെ.പി ഫാസിസ്റ്റാണോയെന്ന് സി.പി.ഐ.എം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. തുഷാർ ഗാന്ധിയെ സംഘപരിവാർ ശക്തികൾ തടഞ്ഞ സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും പറഞ്ഞു. എതിർശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആർ.എസ്.എസ്- ബി.ജെ.പി അജണ്ട കേരളത്തിൽ വിലപ്പോവില്ല. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പോലിസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യത്തിന്റെ മതേതര, ജനാധിപത്യ ബോധ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മുറിവേൽപ്പിക്കുന്ന ഈ പ്രവൃത്തിയെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് സംഭവത്തിന് പിന്നാലെ കെ. സി. വേണുഗോപാൽ പ്രതികരിച്ചത്. തുഷാർ ഗാന്ധിയെ ചേർത്തുപിടിച്ച് തന്നെ കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് ആർ.എസ്.എസ് , ബി.ജെ.പി നേതൃത്വത്തെ വിമർശിച്ച വേണുഗോപാൽ പറഞ്ഞു.
നെയ്യാറ്റിൻകരയിലെ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനായാണ് മഹാത്മാഗാന്ധിയുടെ ചെറുമകനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി എത്തിയത്. രാജ്യത്തിന്റെ ആത്മാവിനെ ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും ആ ക്യാന്‍സറാണ് ആര്‍.എസ്.എസ് എന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശത്തിൽ പ്രതിഷേധിച്ചായിരുന്നു ആർ.എസ്.എസ് – ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞുകൊണ്ടാണ് തുഷാർ ഗാന്ധി മടങ്ങിയത്.
Content Highlight: Godse’s ghost is in BJP and the RSS: K. Sudhakaran criticizes the incident of stopping Tushar Gandhi