| Wednesday, 25th April 2018, 10:59 am

ബലാത്സംഗകേസ്: അസാറാം ബാപ്പു കുറ്റക്കാരന്‍: രണ്ട് പേരെ കുറ്റവിമുക്തരാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം അസാറാം ബാപ്പുകുറ്റക്കാരനെന്ന് കോടതി. അസാറാ ബാപ്പു ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കി. ജോധ്പൂര്‍ കോടതിയാണ് വിധി പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്.

2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ പോലും വധഭീഷണി ഉയര്‍ന്നിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്.

ദേരാ സച്ച സൗധ തലവന്‍ ഗുര്‍മീത് സിങ്ങിന്റെ കാര്യത്തിലെന്ന പോലെ ശക്തരായ അനുയായിവൃന്ദമുള്ള ആളാണ് അസാറാമും. ഗുര്‍മീതിനെ ശിക്ഷിച്ച ദിവസം അനുയായികള്‍ ഹരിയാനയിലെ പഞ്ച്കുലയില്‍ 35 പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

ഇതു കണക്കിലെടുത്തു പൊലീസ് നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി, ജയിലിനുള്ളില്‍ തന്നെ വിധി പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയത്.

We use cookies to give you the best possible experience. Learn more