| Monday, 27th August 2018, 5:30 pm

ഗോധ്ര തീവെപ്പ് കേസ്: രണ്ടു പേര്‍ക്ക് ജീവപര്യന്തം; മൂന്നു പേരെ വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: 2002 ഫെബ്രുവരിയിലെ ഗോധ്ര തീവെപ്പ് കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം. ഫാറൂഖ് ഭാന, ഷെറു ബാതിക് എന്നിവര്‍ക്കാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

ഹുസൈന്‍ സുലൈമാന്‍ മൊഹന്‍, കസം ഭമേദി, ഫറൂഖ് ധാന്തിയ എന്നിവരെ കോടതി വെറുതെ വിട്ടു. ജസ്റ്റിസ് എച്ച്.സി വോറയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റം ചെയ്തുവെന്നത് പ്രോസിക്യൂഷന്‍ തെളിയിച്ചതായി കോടതി പറഞ്ഞു.

സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്റെ s6 കോച്ചിനായിരുന്നു തീവെച്ചത്. യു.പിയിലെ അയോധ്യയില്‍ നിന്നും മടങ്ങി വരികയായിരുന്ന 59 ഹിന്ദു സന്യാസിമാരാണ് അന്ന് തീവെപ്പില്‍ കൊല്ലപ്പെട്ടിരുന്നത്.

കേസില്‍ ഇനി 8 പേരെ കൂടി പിടികൂടാനുണ്ട്.

ഗോധ്ര തീവെപ്പ് കേസില്‍ കോടതി നേരത്തെ 31 പേരെ ശിക്ഷിക്കുകയും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 63 പേരെ വിട്ടയക്കുകയും ചെയ്തിരുന്നു. വിട്ടയച്ചവരില്‍ പ്രധാന ആരോപണം ഉയര്‍ന്ന മൗലാനാ ഉമര്‍ജിയും ഉള്‍പ്പെട്ടിരുന്നു. 31 പേരില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക ജീവപര്യന്തവുമാണ് വിധിച്ചിരുന്നത്. 2017 ഒക്ടോബറില്‍ 11 പേര്‍ക്കുള്ള വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷനും യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച യു.സി ബാനര്‍ജി കമ്മീഷനും തീവെപ്പ് കേസ് അന്വേഷിച്ചെങ്കിലും സംഭവം അപകടമാണെന്ന് പറയുന്ന ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതി റദ്ദാക്കുകയും പുതിയ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്.

ട്രെയിന്‍ കത്തിച്ചത് ആസൂത്രിത ആക്രമണമാണെന്നും പെട്രോള്‍ ഒഴിച്ചാണ് തീവെച്ചതെന്നുമാണ് ജസ്റ്റിസുമാരായ കെ.ജി ഷായും ജി.ടി നാനാവതിയുമടങ്ങിയ നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് ജസ്റ്റിസ് ഷാ മരണപ്പെട്ടതിനാല്‍ ജസ്റ്റിസ് അക്ഷയ് എച്ച്. മെഹ്തയാണ് നാനാവതിക്കൊപ്പം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഗോധ്ര തീവെപ്പിന് പിന്നാലെയാണ് ഗുജറാത്ത് കലാപം അരങ്ങേറിയത്.

We use cookies to give you the best possible experience. Learn more