ന്യൂദൽഹി: 2022ലെ ഗുജറാത്തിലെ ഗോധ്രയിൽ ട്രെയിൻ തീവെപ്പ് കേസിൽ 17 കൊല്ലം ജയിൽശിക്ഷ അനുഭവിച്ചിരുന്ന പ്രതിക്ക് ജാമ്യം ലഭിച്ചു. ഫറൂഖ് എന്ന വ്യക്തിക്കാണ് സുപ്രീം കോടതിയുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ഗോധ്ര ട്രെയിൻ തീവെപ്പ് നടന്ന സമയത്ത് ട്രെയിനിന് കല്ലെറിഞ്ഞു എന്നുള്ളതായിരുന്നു ഫറൂഖിന് എതിരെയുള്ള കുറ്റം.
എന്നാൽ ദീർഘകാലമായി ജയിൽ വാസം അനുഭവിക്കുന്ന പ്രതിയുടെ സാഹചര്യം പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് ഫറൂഖിന് ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ, ജസ്റ്റിസ് പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഫറൂഖിന് ജാമ്യം അനുവദിച്ചത്.
“ഞങ്ങൾ അയാൾക്ക് ജാമ്യം അനുവദിക്കുകയാണ്. ഇപ്പോൾ തന്നെ അയാൾ 17 വർഷം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞു,’ പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് ഡിവിഷൻ ബെഞ്ച് പ്രസ്താവനയിറക്കി.
ഗുജറാത്ത് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് കോടതിയിൽ ഹാജരായത്.
തീവെപ്പിനെ തുടർന്ന് 58 പേർ വെന്ത് മരിച്ചെന്നും,തീപിടിച്ച ട്രെയിനിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കാനാണ് പ്രതികൾ ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നും അതിനാൽ തന്നെ പ്രതികൾ ചെയ്ത കുറ്റം നരഹത്യയായി പരിഗണിക്കണമെന്നും മെഹ്ത കോടതിയിൽ വാദിച്ചു.
എന്നാൽ ഗുജറാത്ത് കലാപക്കേസിലെ പല പ്രതികളും ജയിൽ മോചിതരായതാണെന്നും എന്തുകൊണ്ട് ഗോധ്ര കേസിലെ പ്രതികൾക്ക് ജാമ്യം നൽകി കൂടായെന്നും കഴിഞ്ഞ തവണ ജാമ്യഹർജി പരിഗണിക്കവെ സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചിരുന്നു.
2002 ഫെബ്രുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം. സബര്‍മതി എക്സ്പ്രസിന്‍റെ എസ് 6 കോച്ച് തീവെച്ചതിൽ 59 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ കർസേവകരും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഗുജറാത്ത് കലാപത്തിലേക്ക് നയിച്ചത്.
ഇതിനെ തുടർന്നുണ്ടായ 2011 ല്‍ കേസില്‍ വിചാരണപൂര്ത്തിയാക്കിയ വിചാരണ കോടതി 134 പ്രതികളിലെ 63 പേരെ വെറുതെ വിടുകയും 31 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരില്‍ വധിശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പേരുടെ ശിക്ഷയാണ് ഹൈക്കോടതി ഇളവ്ചെയ്തത്.
വധശിക്ഷ ജീവപര്യന്തമായി കുറച്ച ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ മരിച്ച 59 പേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Content Highlights: Godhra train arson case Supreme Court granted bail to the accused who served 17 years in jail