വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ഡോക്യുമെന്ററിക്കായി തീവണ്ടി കോച്ചിന് തീയിട്ട് അണിയറപ്രവര്‍ത്തകര്‍. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടന്ന ഗോധ്ര തീവണ്ടി തീവെപ്പ് പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോച്ചിന് തീയിട്ടത്. 2002, ഫെബ്രുവരി 27ന് സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ കോച്ചിന് തീയിട്ട് 59 യാത്രക്കാര്‍ മരിച്ചിരുന്നു.
ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന് വഡോദര അഗ്നിശമന സേന അനുമതി നല്‍കിയിട്ടുണ്ടെന്ന് പശ്ചിമ റെയില്‍ വേ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ചിത്രം നരേ ന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പുമെന്നും ചിത്രത്തിന്റെ നിര്‍മാണ കമ്പനിയുടെ എക്‌സിക്യുട്ടിവ് പറഞ്ഞു.
ഡോക്യുമെന്ററി ഷൂട്ടിങ്ങ് നടന്നത് നാരോ ഗ്യേജിലാണെന്നും ഷൂട്ടിങ്ങിനായി സര്‍വീസുകള്‍ മുടങ്ങിയിട്ടുമില്ലെന്ന് പശ്ചിമ റെയില്‍വേയുടെ വക്താവ് ഖെംരാജ് മീന അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തങ്ങള്‍ക്ക് കാണിച്ചു തന്ന സ്‌ക്രിപ്റ്റില്‍ ഗോദ്ര എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍ വേ സ്‌റ്റേഷനില്‍ ചായ വില്‍ക്കുന്നതോ മറ്റോ ചിത്രീകരിക്കണമെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ ആവശ്യമെന്നും, നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും പശ്ചിമ റെയില്‍വേ സി.ആര്‍.പി.ഒ രവീന്ദ്ര ഭാകര്‍ പറഞ്ഞു.
ഗോധ്ര തീവണ്ടി കത്തിക്കല്‍ 2002ലെ ഗുജറാത്ത് കലാപം ഉള്‍പ്പടെ നിരവധി കലാപ പരമ്പരകള്‍ ഗുജറാത്തില്‍ അഴിച്ചു വിട്ടിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള നിരവധി ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ബാല്‍ താക്കറെ, മന്‍മോഹന്‍ സിങ്ങ്, എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. രാഹുല്‍ ഗാന്ധി, നേരന്ദ്ര മോദി എന്നിവരെക്കുറിച്ചുള്ള മുഴുനീള ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.