|

ഞങ്ങളെ ഇങ്ങനെ അപമാനിക്കരുത്; ഗോദ സിനിമക്കെതിരായ വ്യാജ പ്രചരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗോദ സിനിമയുടെ വ്യാജ കോപ്പികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും തെറ്റായ ട്രോളുകള്‍ ഇറക്കുന്നവര്‍ക്കെതിരെയും രൂക്ഷപ്രതികരണവുമായി ചിത്രത്തിന്റ നിര്‍മാതാവ് സി.വി സാരഥി രംഗത്ത്.

ചിത്രത്തിലെ നായകനായ ടോവിനോ തോമസാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയതത്. ഒരിക്കലും ഒരു സിനിമയെ താഴ്ത്തിക്കെട്ടിക്കൊണ്ടാവരുത് മറ്റൊരു സിനിമയെ പ്രൊമോട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു.

നിരവധിയാളുകളുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഗോദ. ചിത്രത്തിന്റെ വ്യാജ കോപ്പികള്‍ ടൊറന്റ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ മണിക്കൂറുകള്‍ നീണ്ട ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അത് പരമാവധി ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്.


Dont Miss ഓമനക്കുട്ടന്‍ കാണാതിരിക്കാനുള്ള കാരണം ഞാനാണെങ്കില്‍ എന്നെ മറന്നേക്കൂ: വികാരഭരിതനായി ആസിഫ് അലി 


പല താരങ്ങളുടേയും ഫാന്‍സ് ആണെന്ന് അവകാശപ്പെടുന്നവരാണ് ഇത്തരത്തില്‍ ചെയ്യുന്നത്. സിനിമാ വ്യവസായത്തെ ഇത്തരത്തില്‍ നശിപ്പിക്കുന്ന ഇവര്‍ എങ്ങനെയാണ് ഒരു താരത്തിന്റെ ആരാധകന്‍ എന്ന സ്വയം വിശേഷിപ്പിക്കുകയെന്നും ഇദ്ദേഹം ചോദിക്കുന്നു.

തിയേറ്ററില്‍ ഇരുന്ന് ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നവരെ ഇനിയെങ്കിലും ആളുകള്‍ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. നിങ്ങള്‍ സിനിമയെ സ്‌നേഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഗോദ ടീമിന്റെ അധ്വാനത്തെ മാനിക്കുന്നവരാണെങ്കില്‍ ദയവുചെയ്ത് ചിത്രം തിയേറ്ററില്‍ പോയി തന്നെ കാണണം. അവരുടെ അധ്വാനത്തെ മാനിക്കണമെന്നാണ് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നത്. ചിത്രം തിയേറ്ററില്‍ കണ്ടില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടം വരും. എന്നാല്‍ വ്യാജ കോപ്പികള്‍ പ്രചരിപ്പിക്കുകയും തെറ്റായ ട്രോളുകള്‍ ഇറക്കിയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അപമാനിക്കരുതെന്നും സാരഥി പറയുന്നു.

ബാഹുബലിപോലുള്ള അന്യഭാഷാ ചിത്രം തിയേറ്റില്‍ പോയി കാണാന്‍ താത്പര്യപ്പെടുന്നവര്‍ എന്തുകൊണ്ടാണ് ഗോദയും സി.ഐ.എയും ലക്ഷ്യവും പോലുള്ള സിനിമകള്‍ കാണാന്‍ തയ്യാറാവാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

എസ്ര, ഗോദ പോലുള്ള സിനിമകള്‍ തിയേറ്ററില്‍ കണ്ടവര്‍ക്കറിയാം അതിന്റെ ടെക്‌നിക്കല്‍ ക്വാളിറ്റിയും പ്രൊഡക്ഷന്‍ ക്വാളിറ്റിയും. ലോക സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ളവ തന്നെയാണ് അവ. തെറ്റിദ്ധാരണ പരത്തുന്ന ട്രോളുകളും മറ്റും വിശ്വസിക്കാതെ നല്ല സിനിമകള്‍ തിയേറ്ററില്‍ തന്നെ പോയി കാണണമെന്ന് ആവശ്യപ്പെടുകയാണെന്നും ഇദ്ദേഹം പറയുന്നു.