വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ എന്ന ഗൊദാര്‍ദ് തെരഞ്ഞെടുത്ത മരണം | D World
ഡൂള്‍ന്യൂസ് ഡെസ്‌ക്

വിഖ്യാത സംവിധായകന്‍ ജീന്‍ ലൂക് ഗൊദാര്‍ദിന്റെ മരണം വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ(assisted dying) ആണ് എന്ന വിവരം സ്ഥിരീകരിച്ചു.

ഗൊദാര്‍ദ് വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന വിവരം അദ്ദേഹത്തിന്റെ നിയമോപദേശകനായ പാട്രിക് ജീനററ്റാണ് അറിയിച്ചത്. ബുധനാഴ്ച രാത്രി തന്നെ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫ്രഞ്ച് സിനിമാലോകത്തെയും അതുവഴി ലോകസിനിമയെയും വിപ്ലവാത്മകമായ മാറ്റങ്ങളിലേക്ക് നയിച്ച ഗൊദാര്‍ദ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ചാണ് മരണപ്പെട്ടത്. 91 വയസായിരുന്ന ഗൊദാര്‍ദ് നിരവധി രോഗങ്ങളിലൂടെയും മറ്റും കടന്നുപോകുകയായിരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നുമാണ് നിയമോപദേശകന്‍ അറിയിച്ചിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അസിസ്റ്റഡ് ഡയിങ് നിയമവിധേയമായതുകൊണ്ടാണ് ഗൊദാര്‍ദ് തന്റെ അവസാന നാളുകള്‍ അവിടെ ചെലവഴിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം രോഗമല്ല, ജീവിതത്തോട് തോന്നിയ താല്‍പര്യമില്ലായ്മയാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിലെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കുടുംബാംഗം പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

‘അദ്ദേഹം വലിയ രോഗിയൊന്നുമായിരുന്നില്ല. പക്ഷെ വല്ലാതെ മാനസികമായും ശാരീകമായും ക്ഷീണിതനായിരുന്നു. മൊത്തത്തില്‍ തളര്‍ന്നതുപോലെയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം എല്ലാം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്. അത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമായിരുന്നു. അതേ കുറിച്ച് ലോകം അറിയണമെന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതായിരുന്നു,’ കുടുംബാംഗം പറയുന്നു.

2014ല്‍ കാന്‍സ് ഫിലിം ഫെസ്റ്റവലില്‍ വെച്ച് മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ഗൊദാര്‍ദ് പങ്കുവെച്ചിരുന്നു. പൂര്‍ണമായും രോഗാതുരനായാല്‍ ജീവിക്കാനായി കടിച്ചുതൂങ്ങി നില്‍ക്കില്ലെന്നായിരുന്നു ഗൊദാര്‍ദിന്റെ വാക്കുകള്‍.

അസിസ്റ്റഡ് ഡയിങ് തെരഞ്ഞെടുക്കുമോയെന്ന ചോദ്യത്തോടും അദ്ദേഹം അന്ന് പ്രതികരിച്ചരിച്ചിരുന്നു. ‘യെസ്. തെരഞ്ഞെടുക്കും. പക്ഷെ ഇപ്പോള്‍ അങ്ങനെയൊരു തീരുമാനമെടുക്കല്‍ വളരെ ബുദ്ധിമുട്ടുള്ളയൊന്നാണ്,’ എന്നായിരുന്നു ഗൊദാര്‍ദിന്റെ മറുപടി.

ഗൊദാര്‍ദിന്റെ മരണം അസിസ്റ്റഡ് ഡയങ്ങിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ കൂടി വഴിവെച്ചിരിക്കുകയാണ്. മരിക്കാനുള്ള ഒരാളുടെ ആഗ്രഹത്തിനും തീരുമാനത്തിനും സഹായം നല്‍കുന്നത് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമപരമായി അംഗീകരിച്ചിട്ടുള്ളതാണ്. ആരെങ്കിലും അസിസ്റ്റഡ് ഡയങ്ങിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല ഈ തീരുമാനമെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അനുമതി നല്‍കുകയുള്ളു.

യുത്തനേസിയ അഥവാ ദയാവധത്തോട് സമാനതകള്‍ തോന്നാമെങ്കിലും അസിസ്റ്റഡ് ഡയിങ് മരണപ്പെടുന്നയാളുടെ തീരുമാനത്തിനാണ് എല്ലാ പ്രാധാന്യവും നല്‍കുന്നത് എന്നതാണ് പ്രധാന വ്യത്യാസമായി എടുത്തു കാണിക്കുന്നത്. സ്വയം തീരുമാനമെടുക്കാനുള്ള മാനസിക-ശാരീരിക പക്വതയും ശേഷിയുമുള്ളവരുടെ അപേക്ഷകള്‍ മാത്രമേ അസിസ്റ്റഡ് ഡയങ്ങിന് പരിഗണിക്കുകയുള്ളു.

നിത്യരോഗികളായവരെ മരിക്കുന്നത് വരെ മരുന്ന് നല്‍കി സെഡേറ്റ് ചെയ്യാന്‍ ഫ്രാന്‍സ് അംഗീകാരം നല്‍കുന്നുണ്ടെങ്കിലും അസിസ്റ്റഡ് ഡയങ്ങിനെ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. ഫ്രാന്‍സില്‍ ഈയടുത്ത ദിവസങ്ങളില്‍ ദയാവധത്തെയും അസിസ്റ്റഡ് ഡയങ്ങിനെയും കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഫ്രഞ്ച് പൗരന്‍ കൂടിയായ ഗൊദാര്‍ദിന്റെ മരണം സംഭവിച്ചിരിക്കുന്നത്.

അസിസ്റ്റഡ് ഡയങിനെ പ്രതികൂലിച്ച് നിരവധി വാദങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്. അസിസ്റ്റഡ് ഡയിങ് അംഗീകരിക്കുന്നതിലൂടെ ആത്മഹത്യ നിയമവിധേയമാക്കുകയാണെന്നും ഇത് ആത്മഹത്യാ നിരക്ക് വര്‍ധിപ്പിക്കുമെന്നുമാണ് ഉന്നയിക്കപ്പെടുന്നത്. ആത്മഹത്യ തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുന്നത് ആധുനിക സമൂഹത്തിന് ചേര്‍ന്ന നടപടിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജീവിതം അവസാനിപ്പിക്കാനുള്ള ഒരാളുടെ തീരുമാനത്തിന് അംഗീകാരം നല്‍കുന്നതിലെ മാനദണ്ഡമെന്താണെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം ഗൊദാര്‍ദിന്റെ ഓര്‍മകളിലാണ് സിനിമലോകം. ഫ്രഞ്ച് സിനിമയുടെ മുഖം മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധായകനായിരുന്നു ഗൊദാര്‍ദ്. ഫ്രഞ്ച് നവതരംഗ സിനിമയുടെ അമരക്കാരന്‍ എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

1930 ഡിസംബര്‍ മൂന്നിന് പാരീസിലെ സെവന്‍ത് അറോണ്ടിസ്‌മെന്റില്‍ ഒരു സമ്പന്ന ഫ്രാങ്കോ-സ്വിസ് കുടുംബത്തിലാണ് ഗൊദാര്‍ദ് ജനിച്ചത്. നിരൂപകനായി സിനിമാ മേഖലയിലേക്ക് എത്തി നടന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നിങ്ങനെ സിനിമയുടെ സകല മേഖലകളിലും അദ്ദേഹം കൈ വെച്ചിട്ടുണ്ട്. ഓസ്‌കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

പൊളിറ്റിക്കല്‍, ഇടത് സിനിമകള്‍ നിര്‍മിച്ച ഗൊദാര്‍ദ് പരിപൂര്‍ണ രാഷ്ട്രീയ സിനിമാക്കാരന്‍ എന്ന നിലയില്‍ കൂടി അറിയപ്പെട്ടു. അതുവരെയുണ്ടായിരുന്ന കാണികളുടെ കാഴ്ച കേള്‍വി ശീലങ്ങളെ നിരന്തരം അട്ടിമറിക്കുന്ന രീതിയിലുള്ള സിനിമകളായിരുന്നു അദ്ദേഹം ഒരുക്കിയിരുന്നു. ഫ്രഞ്ച് ന്യു വേവിന്റെ പ്രയോക്താവായിരുന്നു ഗൊദാര്‍ദ്. സിനിമയിലെ അമേരിക്കയുടെ അപ്രമാദിത്വത്തിനെതിരെ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിന്റെ കാലഘട്ടത്തെ ചരിത്രവത്കരിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.

2021ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

Content Highlight: Godard’s assisted dying starts new discussions