'അമേരിക്കക്കായിരുന്നു കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു? ഇതിന് ദൈവം പ്രതികാരം ചെയ്യും'; കാബൂളില്‍ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് വയസുകാരിയുടെ പിതാവ്
കാബൂള്‍: ഓഗസ്റ്റ് 29ന് അഫ്ഗാനിസ്ഥാനില്‍ 10 പേരുടെ മരണത്തിന് കാരണമായ അമേരിക്കന്‍ ഡ്രോണാക്രമണത്തില്‍ സൈന്യത്തിലെ ആരേയും ശിക്ഷിക്കില്ലെന്ന യു.എസിന്റെ നിലപാടില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട മൂന്ന് വയസുകാരിയുടെ പിതാവ്.
അമേരിക്കയുടെ നിലപാടില്‍ അമര്‍ഷം പ്രകടിപ്പിച്ചായിരുന്നു കൊല്ലപ്പെട്ട മൂന്ന് വയസുകാരി മലികയുടെ പിതാവ് അയ്മല്‍ അഹ്‌മദിയുടെ പ്രതികരണം. ”ദൈവം പ്രതികാരം ചെയ്യും,” എന്നായിരുന്നു അഹ്‌മദി പറഞ്ഞത്.
”അമേരിക്കയ്ക്കായിരുന്നു ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു? എന്തായേനെ അപ്പോള്‍ പ്രതികരണം?” അഹ്‌മദ് ചോദിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പുനരധിവസിപ്പിക്കുമെന്നും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അമേരിക്കന്‍ സര്‍ക്കാരിന്റേയോ സൈന്യത്തിന്റേയോ പക്കല്‍ നിന്ന് അത്തരത്തില്‍ നേരിട്ട് ഒരു സഹായ വാഗ്ദാനവും ലഭിച്ചിട്ടില്ലെന്നും അഹ്‌മദി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആക്രമണത്തിന്റെ പേരില്‍ സൈന്യത്തിലെ ആര്‍ക്കെതിരേയും നടപടിയെടുക്കില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചത്.
യുദ്ധ നിയമങ്ങളെ ലംഘിക്കുന്നതായിരുന്നില്ല ആക്രമണമെന്നും ക്രിമിനല്‍ അവഗണന ഉണ്ടായിട്ടില്ലെന്നും അത് ഒരു അബന്ധം മാത്രമായിരുന്നെന്നുമാണ് പെന്റഗണ്‍ നിരീക്ഷണം.