തന്റെ ജിവിതത്തില്‍ പലരും ദൈവദൂതരായി വന്നിട്ടുണ്ടെന്ന് പറയുകയാണ് പ്രിയ താരം വിഷ്ണു ഉണ്ണികൃഷ്ണന്‍. മനുഷ്യന്മാര്‍ തന്നെയാണ് ദൈവമെന്നും അങ്ങനെ പലയാളുകളും പ്രതിസന്ധി ഘട്ടങ്ങളില്‍ വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘മനുഷ്യരൂപത്തില്‍ ദൈവം വന്നിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. മനുഷ്യരൂപത്തില്‍ തന്നെയാണ് ദൈവത്തെ അറേഞ്ച് ചെയ്തിട്ടുള്ളത്. നമ്മുടെ ജീവിതത്തിലെ പല സ്റ്റേജുകളിലും ദൈവദൂതനെ പോലെ പലയാളുകളും വരും.
പണ്ട് ഞാനും വിപിനും സ്‌കിറ്റുകളെഴുതുന്ന സമയമുണ്ട്. കൈയില്‍ പൈസയൊന്നുമില്ലാതിരിക്കുന്ന ആ സമയത്ത് ഞങ്ങള്‍ മാലാഖ വരുമെന്നാണ് പറയുന്നത്. പുതിയ മാലാഖയൊന്നും ആയില്ലല്ലോ എന്ന് പറഞ്ഞിരിക്കും.
അങ്ങനെ ഇരിക്കുമ്പോള്‍ ഏതെങ്കിലും ഭാഗത്ത് നിന്ന് വിളി വരും. ഒരു കോംപറ്റീഷന്‍ വേണ്ടിയിട്ടാണ് കൊച്ചിനെ മോണോ ആ്ക്ട് പഠിപ്പിക്കാന്‍ പറ്റുമോ, മോണോ ആക്ടിന്റെ എന്തെങ്കിലും ഐറ്റമുണ്ടോ എന്നൊക്കെ ചോദിക്കും. അപ്പോ നമ്മള്‍ അതിന് പറ്റിയ ഒരു ഐറ്റം റെഡിയാക്കി ആ കൊച്ചിനെ കൊണ്ടുപോയി പഠിപ്പിച്ചാല്‍ ഫീസ് കിട്ടും.
അല്ലെങ്കില്‍ ഒരു സ്‌കിറ്റ് എഴുതാനായിരിക്കും ചിലപ്പോള്‍. അല്ലെങ്കില്‍ രമേശേട്ടനൊക്കെ വിദേശ പ്രോഗ്രാമുകളൊക്കെ ഉണ്ടാകും. തിരക്കിന്റെ ഇടയില്‍ അവര്‍ക്ക് ചിലപ്പോള്‍ എഴുതാന്‍ സമയം കിട്ടിയില്ലെങ്കില്‍ അവര്‍ വിളിച്ചിട്ട് പറയും, ഐര്‍ലാന്‍ന്റില്‍ ഒരു പ്രോഗ്രാമുണ്ട്, അതിന് പറ്റിയ സ്‌കിറ്റ് നിങ്ങളുടെ കൈയിലുണ്ടെങ്കില്‍ പറയ് കേട്ടാ എന്ന്.
അപ്പോള്‍ നമ്മള്‍ അത് എഴുതി കൊടുത്തു കഴിഞ്ഞാല്‍ അവര്‍ക്ക് സമയമില്ലാത്തത് കൊണ്ട് നമ്മള്‍ തന്നെ ബാക്കി റെക്കോഡിങ്ങ് പരിപാടിയെല്ലാം ചെയ്ത് സെറ്റ് ചെയ്‌തൊക്കെ കൊടുക്കുന്ന ഒരു പരിപാടി.അങ്ങനെ ഒരു ട്രാക്കുണ്ട് നമ്മുടെ ലൈഫില്‍.
അതൊക്കെ ആ സമയത്തെ ദൈവദൂതന്‍മാരാണ്. ആ സമയത്തുള്ള ആ ഫോണ്‍കോള്‍. അത് കിട്ടിയാലാണ് പെട്രോള്‍ അടിക്കാന്‍ പറ്റുള്ളൂ അന്ന്,’ അദ്ദേഹം പറഞ്ഞു.
കള്ളനും ഭഗവതിയുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ സിനിമ. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 31നാണ് തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തില്‍ അനുശ്രീയും ബംഗാളി നടിയായ മോക്ഷയുമാണ് നായികമാരെത്തിന്നത്. സലിം കുമാര്‍, പ്രേം കുമാര്‍, ജോണി ആന്റണി, നോബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
content highlight: God is arranged in human form; At that time many came as messengers of God: Vishnu Unnikrishnan