തിരുവനന്തപുരം: ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡില്‍ മതചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് ജനാര്‍ദ്ദന സ്വാമിയുടെ വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതിനെതിരെയാണ് ആറ്റിങ്ങല്‍ മണ്ഡലം എല്‍.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ ചിത്രവും കൂടെ ഒരു വിഗ്രഹത്തിന്റെ ചിത്രവുമാണ് ഫ്‌ളക്‌സിലുള്ളത്. ശ്രീ ജനാര്‍ദ്ദന സ്വാമിക്ക് പ്രണാമം എന്നും ഫ്‌ളെക്‌സില്‍ എഴുതിവെച്ചിട്ടുണ്ട്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍.ഡി.എഫ് പരാതി നല്‍കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മത ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ചട്ടങ്ങള്‍ നിലനില്‍ക്കെയാണ് ആറ്റിങ്ങലില്‍ ദൈവത്തിന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബി.ജെ.പി വോട്ടഭ്യാര്‍ത്ഥിച്ച് കൊണ്ട് ഉയര്‍ത്തിയിട്ടുള്ളത്. ഇതിനെതിരെ നടപടിയെടുക്കണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെടുന്നു.
തുടക്കം മുതല്‍ ബി.ജെ.പി എല്ലാ വിധത്തിലുമുള്ള തെരഞ്ഞെടുപ്പ് ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് പ്രചരണം നടത്തുന്നതെന്നും സി.പി.ഐ.എം നേതാവ് എം. വിജയകുമാര്‍ പറഞ്ഞു. തിരവനന്തപുരത്തും ആറ്റിങ്ങലിലും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരുമാണ് മത്സരിക്കുന്നത്.
തുടക്കം മുതല്‍ തന്നെ ഈ രണ്ട് പേരും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങല്‍ പാലിക്കാതെയാണ് പ്രാചാരണം നടത്തുന്നത്. കേന്ദ്രമന്ത്രിയെന്ന പ്രിവിലേജും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് രണ്ടും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എം.വിജയകുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
CONTENT HIGHLIGHTS: God in flex with Modi, Muraleedharan: Complaint against BJP campaign board