'ശാസ്ത്രത്തെ അതിജീവിക്കാന്‍ ദൈവത്തിനാകില്ല'; അടുത്ത നൂറു വര്‍ഷം കൊണ്ട് ദൈവമെന്ന സങ്കല്‍പ്പമില്ലാതാകുമെന്ന് എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍
Daily News
'ശാസ്ത്രത്തെ അതിജീവിക്കാന്‍ ദൈവത്തിനാകില്ല'; അടുത്ത നൂറു വര്‍ഷം കൊണ്ട് ദൈവമെന്ന സങ്കല്‍പ്പമില്ലാതാകുമെന്ന് എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2017, 3:07 pm

പാരീസ്: ദൈവം എന്ന സങ്കല്‍പ്പത്തെ അടുത്ത നൂറു വര്‍ഷം മനുഷ്യന്‍ കൊണ്ടു നടക്കുമെന്ന് തോന്നുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട് പുസ്തക മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് കൃത്രിമ ബുദ്ധിയുടെ അടിസ്ഥാനത്തില്‍ കൂട്ടായ ഒരു അവബോധം രൂപപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്‍ ദൈവത്തെ ഉപേക്ഷിക്കുമെന്നും ശാസ്ത്രത്തെ അതിജീവിക്കാന്‍ ദൈവത്തിനാവില്ലെന്നും ബ്രൗണ്‍ പറഞ്ഞു. ശാസ്ത്രത്തെ മറികടക്കാന്‍ ദൈവത്തിനാകുമോ എന്ന ചോദ്യത്തില്‍ നിന്നാണ് തന്റെ പുതിയ നോവലായ ഒറിജിന്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ‘പി.ചിദംബരവുമായുള്ള അഭിമുഖമടക്കം പല സ്‌റ്റോറികളും സെന്‍സര്‍ ചെയ്തു’ എന്‍.ഡി.ടി.വിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബര്‍ക്ക ദത്തും


“സാങ്കേതികതയിലുണ്ടാകുന്ന മാറ്റങ്ങളും കൃത്രിമ ബുദ്ധിയുടെ വികാസവുമാണ് ദൈവസങ്കല്‍പങ്ങളെ മാറ്റിമറിക്കാന്‍ പോകുന്നത്. ആത്മീയമായ ചെയ്തികളെല്ലാം മറ്റൊരു തലത്തിലേക്ക് മാറി മനസുകൊണ്ട് പരസ്പരം ബന്ധപ്പെടാനാകുന്ന സാഹചര്യത്തിലേക്ക് നാം എത്തിപ്പെടും. ഇതോടെ കണ്‍മുന്നിലിരുന്ന് വിധികളെഴുതുന്ന ദൈവങ്ങളുടെ ആവശ്യവും കുറയും. വൈകാതെ എന്നന്നേക്കുമായി അത്തരം സങ്കല്‍പങ്ങളെ മനുഷ്യന്‍ കൈവിടും”.

ലോകത്ത് ഏറ്റവുമധികം വിറ്റുപോയ പുസ്തകങ്ങളിലൊന്നായ ഡാവിഞ്ചി കോഡാണ് ഡാന്‍ ബ്രൗണിനെ പ്രശസ്തനാക്കിയത്. ഇന്‍ഫര്‍ണോ, ഏഞ്ചസ് ആന്‍ഡ് ഡിമോണ്‍സ്, ദി ലോസ്റ്റ് സിംബല്‍, ഡിസപ്ഷന്‍ പോയന്റ് എന്നിവയെല്ലാം വില്‍പനയില്‍ ചരിത്രം സൃഷ്ടിച്ച നോവലുകളാണ്. 56 ഭാഷകളിലായി 20 കോടിയിലധികം പുസ്തകങ്ങള്‍ ബ്രൗണിന്റേതായി വിറ്റുപോയിട്ടുണ്ട്.