| Wednesday, 1st July 2020, 8:07 pm

ആട് വളര്‍ത്തുകാരന് കൊവിഡ്, 47 ആടുകളെ ക്വാറന്റീനിലാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ആടുകളെ വളര്‍ത്തുന്നയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 47 ആടുകളെ ക്വാറന്റീനിലാക്കി. തുംകൂരു ജില്ലയിലെ ഗൊഡികേരെ ഗ്രാമത്തിലാണ് സംഭവം. ബെംഗളൂരുവില്‍നിന്ന് 127 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമമാണിത്.

300 കുടുംബങ്ങളിലായി ആയിരത്തോളം ആളുകള്‍ താമസിക്കുന്ന ഗ്രാമമാണ് ഇതെന്നാണ് വിവരം. ആടുകളെ വളര്‍ത്തുന്ന ആള്‍ക്കടക്കം രണ്ട് പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ നാല് ആടുകള്‍ അസാധാരണമായി കഴിഞ്ഞ ദിവസങ്ങളില്‍ ചത്തിരുന്നു. ഇതോടെയാണ് ബാക്കി ആടുകളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഗ്രാമീണര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ജില്ലാ ആരോഗ്യ പ്രവര്‍ത്തകരും മൃഗ സംരക്ഷണ വകുപ്പം സ്ഥലത്തെത്തി ആടുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ആടുകളെ കൊല്ലാന്‍ എത്തിയവരാണെന്ന് തെറ്റിദ്ധരിച്ച് ആരോഗ്യപ്രവര്‍ത്തകരെ ഗ്രാമീണര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കൂറുകളെടുത്ത് ഗ്രാമീണരെ ബോധവത്കരിച്ചതിന് ശേഷമാണ് സാമ്പിളുകള്‍ ശേഖരിക്കാനായത്.

ഗ്രാമത്തിന് പുറത്താണ് ആടുകളെ ക്വാറന്റീനിലാക്കിയിരിക്കുന്നത്.

ചത്ത ആടുകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമ്പിളുകള്‍ ബെംഗളൂരുവിലെ ആനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറി ബയോളജിക്കല്‍സില്‍ എത്തിച്ച് പരിശോധന നടത്തും.

മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പടര്‍ന്നതായി ഇതുവരെയുള്ള പഠനങ്ങളിലെവിടെയും കണ്ടെത്തിയിട്ടില്ലെന്ന് ആനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറി ബയോളജിക്കല്‍സ് ഡയറക്ടര്‍ ഡോ എസ്.എം ബൈറെഗൗഡ പറഞ്ഞു. ‘എന്നിരുന്നാലും ഞങ്ങളീ സാമ്പിളുകള്‍ ഭോപാലിലെ ലാബുകളിലേക്ക് അയച്ചിട്ടില്ല. പരിശോധന നടത്താന്‍ ഞങ്ങളുടെ പക്കല്‍ കിറ്റുകളില്ല’, ഡോക്ടര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more