റെക്കോഡ് ഇടുന്നതും നീയേ, അത് തകര്‍ക്കുന്നതും നീയേ...... യൂട്യൂബിനെ പഞ്ഞിക്കിട്ട് ദളപതിയുടെ പാട്ട്
Film News
റെക്കോഡ് ഇടുന്നതും നീയേ, അത് തകര്‍ക്കുന്നതും നീയേ...... യൂട്യൂബിനെ പഞ്ഞിക്കിട്ട് ദളപതിയുടെ പാട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th April 2024, 6:53 pm

രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം ദളപതി വിജയ് അഭിനയിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭുവും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സയന്‍സ് ഫിക്ഷന്‍ ഴോണിറിലാണ് സിനിമ ഉള്‍പെടുന്നത്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സെക്കന്‍ഡ് ലുക്ക് പോസ്റ്ററിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. വിജയ്‌യുടെ ഗെറ്റപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസം റിലീസായിരുന്നു. തമിഴ് പുതുവര്‍ഷത്തില്‍ റിലീസായ പാട്ടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതവും ദളപതിയുടെ ശബ്ദവും ഒന്നിച്ചപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകുപ്പ് പാട്ടിലുണ്ടായിരുന്നു. വിസില്‍ പോട് എന്ന് പേരിട്ട ഗാനത്തില്‍ വിജയ്‌യോടൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരും ചുവടുവെക്കുന്നുണ്ട്. മദന്‍ കാര്‍ക്കിയാണ് ഗാനത്തിന്റെ വരികളെഴുതിയത്.

പാട്ട് റിലീസായി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യൂട്യൂബ് റെക്കോഡുകളെല്ലാം കടപുഴക്കിക്കൊണ്ട് മുന്നേറുകയാണ് ദളപതിയും കൂട്ടരും. 24 മണിക്കൂറില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട സൗത്ത് ഇന്ത്യന്‍ ഗാനം എന്ന റെക്കോഡാണ് വിസില്‍ പോട് നേടിയത്. 24.7 മില്യണ്‍ ആളുകളാണ് ഈ ഗാനം യൂട്യൂബില്‍ നേടിയത്. രണ്ടാം സ്ഥാനത്തും മറ്റൊരു വിജയ് ഗാനം തന്നെയാണ്. 23.7 മില്യണ്‍ കാഴ്ചക്കാരാണ് അറബിക് കുത്തിനുള്ളത്.

ആദ്യ അഞ്ചില്‍ നാലും വിജയ്‌യുടെ പാട്ടുകളാണ് എന്നത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. മഹേഷ് ബാബു ചിത്രം ഗുണ്ടൂര്‍ കാരത്തിലെ ദം മസാല എന്ന പാട്ട് മാത്രമാണ് തമിഴിന് പുറത്തുനിന്നുള്ള ഒരേയൊരു എന്‍ട്രി. വ്യൂസിനൊപ്പം ഏറ്റവുമധികം ലൈക്ക് നേടിയ പാട്ടും ഇതുതന്നെ. 1.25 മില്യണ്‍ ലൈക്കാണ് വിസില്‍ പോടു നേടിയത്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

ബിഗിലിന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ സ്‌നേഹ, മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ അമീര്‍, യോഗി ബാബു, ലൈല എന്നിവരാണ് മറ്റ് താരങ്ങള്‍. സിദ്ധാര്‍ത്ഥ നുനി ഛായാഗ്രഹണവും, വെങ്കട് രാജന്‍ എഡിറ്റങ്ങും നിര്‍വഹിക്കുന്നു. എ.ജി.എസ് എന്റര്‍ടൈന്മന്റ്‌സിന്റെ ബനറില്‍ അര്‍ച്ചന കല്പാത്തിയാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: GOAT first single creates record in YouTube