ആടിനെന്താ മാസ്‌ക് ധരിച്ചൂടെ; യു.പിയില്‍ മാസ്‌കില്ലാതെ അലഞ്ഞു നടന്ന ആടിനെ അറസ്റ്റ് ചെയ്തു
NATIONALEWS
ആടിനെന്താ മാസ്‌ക് ധരിച്ചൂടെ; യു.പിയില്‍ മാസ്‌കില്ലാതെ അലഞ്ഞു നടന്ന ആടിനെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 3:36 pm

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ ഏറ്റവും പ്രധാന മാര്‍ഗ്ഗമാണ് മാസ്‌ക്. അതോടൊപ്പം തന്നെ സാമൂഹ്യ അകലവും. പൊതുനിരത്തുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇതെല്ലാം നിര്‍ബന്ധമാണ്. പാലിച്ചില്ലെങ്കില്‍ ശിക്ഷ ഉറപ്പാണ്.

മനുഷ്യര്‍ക്ക് മാത്രമല്ല ഈ നിയമം മൃഗങ്ങള്‍ക്കും ബാധകമാണെന്ന് പറയുകയാണ് കാന്‍പൂരിലെ ഒരു വിഭാഗം പൊലീസുകാര്‍. മാസ്‌ക് ഇടാതെ റോഡില്‍ അലഞ്ഞുതിരിഞ്ഞ ആടിനെ അവര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കാന്‍പൂരിലെ ബെക്കന്‍ഗഞ്ച് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വഴിയരികില്‍ മാസ്‌ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ പൊലീസുകാര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി.

തുടര്‍ന്ന് ആടിന്റെ ഉടമസ്ഥന്‍ സ്റ്റേഷനിലെത്തി. ആടിനെ വിട്ടുതരണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ ആടിനെ വിടാമെന്ന് പൊലീസ് സമ്മതിച്ചു. എന്നാല്‍ ഇനി മാസ്‌കില്ലാതെ ആടിനെ റോഡില്‍ അലയാന്‍ വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ഉടമസ്ഥന് വിട്ടു നല്‍കിയത്.

മൃഗങ്ങള്‍ക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവയെ മാസ്‌ക് ധരിപ്പിക്കണമെന്നാണ് ഇവര്‍ പറയുന്നത്. ആളുകള്‍ വീട്ടിലെ നായ്ക്കളെ വരെ മാസ്‌ക് ധരിപ്പിക്കുന്നു. പിന്നെന്താ ആടിനെ മാസ്‌ക് ധരിപ്പിച്ചാല്‍ എന്ന് സ്റ്റേഷനിലെ സി.ഐ ചോദിച്ചതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.