ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് പൈലറ്റിനെ പുറത്താക്കി ഗോഎയര്‍ വിമാന സര്‍വീസ്. മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ക്യാപറ്റന്‍ മിക്കി മാലികിനെതിരെ നടപടി സ്വീകരിച്ചത്.
പ്രധാനമന്ത്രി വിഡ്ഢിയാണെന്നായിരുന്നു മിക്കി മാലിക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തത്. ‘പ്രധാനമന്ത്രി വിഡ്ഢിയാണ്. എന്നെ തിരിച്ചും അതുതന്നെ വിളിക്കാം. ഒരു കുഴപ്പവുമില്ല. എനിക്ക് ഈ വിഷയത്തില്‍ ഒരു പ്രസക്തിയുമില്ല. കാരണം ഞാന്‍ പ്രധാനമന്ത്രി അല്ലല്ലോ,’ ഇതായിരുന്നു മിക്കി മാലികിന്റെ ട്വീറ്റ്.
ട്വീറ്റിനെതിരെ സംഘപരിവാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് മിക്കി ട്വീറ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.
‘പ്രധാനമന്ത്രിയെ കുറിച്ചുള്ള ട്വീറ്റുകളും മറ്റ് അധിക്ഷേപകരമായ ട്വീറ്റുകളും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. അവ തികച്ചും വ്യക്തിപരമായ എന്റെ കാഴ്ചപ്പാടുകളാണെന്നും ഗോഎയറിന് നേരിട്ടോ അല്ലാതെയോ എന്റെ ട്വീറ്റുകളുമായി ഒരു ബന്ധവുമില്ലെന്നും ഞാന്‍ അറിയിക്കുന്നു.’ മിക്കി ട്വീറ്റ് ചെയ്തു. എന്നാല്‍ സൈബര്‍ ആക്രമണം ശക്തമായതോടെ അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം ഗോഎയര്‍ അദ്ദേഹത്തെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അതിനാല്‍ അടിയന്തരമായി ഈ പൈലറ്റിനെ പുറത്താക്കുയാണെന്നും ഗോഎയര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഗോഎയറിന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സീതയെയും ഹിന്ദുത്വത്തെയും കുറിച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ട്രെയ്‌നി പൈലറ്റിനെ പുറത്താക്കിയിരുന്നു. ഈ പൈലറ്റിന്റെ പേരില്‍ മറ്റൊരാളാണ് ട്വീറ്റ് ചെയ്തതെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക