| Friday, 27th March 2015, 10:15 am

പരസ്യചുംബനത്തിന് നിരോധനം ഏര്‍പ്പെടുത്തി ഗോവ ഗ്രാമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: പരസ്യചുംബനത്തിന് നിരോധനം ഏര്‍പ്പെടുത്തി ഗോവയിലെ ഒരു ഗ്രാമ പഞ്ചായത്തിന്റെ പ്രമേയം. തലസ്ഥാനമായ പനാജിക്കു സമീപമുള്ള സല്‍വദോര്‍ ഡോ മുണ്ടോയെന്ന ഗ്രാമ പഞ്ചായത്താണ് പരസ്യ ചുംബനത്തിനു നിരോധനം കൊണ്ടുവന്നിരിക്കുന്നത്.

പരസ്യ ചുംബനത്തിനും, ഉച്ചത്തിലുള്ള സംഗീതത്തിനും, മദ്യപാനം, പുകവലി എന്നിവയ്ക്കുമാണ് നിരോധം കൊണ്ടുവന്നിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് ശല്യമാണെന്നു പറഞ്ഞാണ് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

“ചില ദമ്പതികളുടെയും വിനോദസഞ്ചാരികളുടെയും അശ്ലീലമായ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന പ്രദേശവാസികളുടെ നിരവധി പരാതി ലഭിച്ചതിനാലാണ് പ്രമേയം പാസാക്കിയത്. ഞങ്ങള്‍ക്കതു നിയന്ത്രിക്കേണ്ടതുണ്ട്.” ഗ്രാമത്തിലെ ഡെപ്യൂട്ടി സര്‍പഞ്ച് റീന ഫെര്‍ണാണ്ടസ് പറയുന്നു.

പ്രമേയത്തെ അംഗീകരിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി പ്രദേശവാസികള്‍ ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പരസ്യമായി ചുംബിക്കുന്നതും മദ്യപിക്കുന്നതും ഉച്ചത്തില്‍ പാട്ടുവെക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നാണ് ബാനറിലുള്ളത്.

അടുത്തിടെ ജീന്‍സും, സ്ലീവ്‌ലെസ് ടോപ്പുകളും മറ്റ് ഓഫീസുകളില്‍ നിരോധിച്ചുകൊണ്ടുള്ള ഗോവ സര്‍ക്കാറിന്റെ തീരുമാനം വന്‍ ചര്‍ച്ചയ്ക്കു വഴിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more