പനാജി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന് ഗോവ ടൂറിസം വകുപ്പിന്റെ നോട്ടീസ്. രജിസ്റ്റര്‍ ചെയ്യാതെ ഓണ്‍ലൈന്‍ ഹോംസ്റ്റേ നടത്തുന്നുവെന്നാരോപിച്ചാണ് സംസ്ഥാനത്തെ ടൂറിസം വകുപ്പ് താരത്തിന് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ എട്ടിന് ഹിയറിങിനായി ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
1982ലെ ഗോവ രജിസ്ട്രേഷന്‍ ഓഫ് ടൂറിസ്റ്റ് ട്രേഡ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഹോംസ്‌റ്റേ തുടങ്ങിയപ്പോള്‍ യുവരാജ് പൂര്‍ത്തീകരിച്ചില്ലെന്നാണ് നോട്ടീസിലുള്ളത്. ഹോട്ടല്‍/ഗസ്റ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് അത് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയും നിര്‍ദേശിച്ച രീതിയില്‍ നിര്‍ദിഷ്ട അതോറിറ്റിക്ക് രജിസ്‌ട്രേഷന് അപേക്ഷിക്കണം എന്നതാണ് നിയമം.
യുവരാജിന്റെ ഉടമസ്ഥതയിലുള്ള ‘കാസ സിങ്’ വില്ലക്കെതിരെ നവംബര്‍ 18നാണ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കാലെ നോട്ടീസ് അയച്ചത്. വിഷയത്തില്‍ യുവരാജിന്റെ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് തന്റെ മുമ്പാകെ ഹാജരാകണമെന്നും രാജേഷ് കാലെ താരത്തോട് നിര്‍ദേശിച്ചു.
ഹിയറിങില്‍ കൃത്യമായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ ഒടുക്കേണ്ടിവരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഗോവയിലെ പെര്‍നെമിലെ വര്‍ചെവാഡ, മോര്‍ജിം എന്നിവിടങ്ങളില്‍ യുവരാജിന്റെ ഉടമസ്ഥതയതയിലുള്ള താമസസ്ഥലമാണ് ഹോംസ്റ്റേ ആയി പ്രവര്‍ത്തിക്കുന്നത്.
ടൂറിസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഇത് Airbnb പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പരസ്യം നല്‍കി ഹോം സ്‌റ്റേ ആയി പ്രവര്‍ത്തിപ്പിക്കുന്നുവെന്നും നോട്ടീസില്‍ പറയുന്നു.
CONTENT HIGHLIGHT: Goa tourism department notice to former Indian cricketer Yuvraj Singh