| Thursday, 21st March 2019, 7:47 am

ഗോവയില്‍ നടന്നത് അധികാരത്തിന് വേണ്ടിയുള്ള നാണം കെട്ട കളി; ഗോവയില്‍ അധികാരം പിടിച്ച ബി.ജെ.പിയെ വിമര്‍ശിച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബെെ: മനോഹര്‍ പരീക്കറിന്റെ മരണത്തിന് പിന്നാലെ ഗോവയില്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയ നാടകത്തെ വിമര്‍ശിച്ച് സഖ്യകക്ഷി ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ജനാധിപത്യത്തിന്റെ ധാരുണ മുഖം എന്നായിരുന്നു ഗോവയിലെ രാഷ്ട്രീയാന്തരീക്ഷത്തെ വിശേഷിപ്പിച്ചത്.

“ഗോമന്തകിന്റെ മണ്ണിലേക്ക് പരീക്കറിന്റെ ഭൗതികാവശിഷ്ടം ചേരുന്നതിന് മുമ്പെ അധികാരത്തിന്റെ നാണം കെട്ട കളി ആരംഭിച്ചിരുന്നു”- ശിവസേനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ ബി.ജെ.പി സഖ്യകക്ഷിയാണ് ശിവസേന.

മനോഹര്‍ പരീക്കറുടെ മരണത്തോടെ ഭരണ പ്രതിസന്ധി നേരിട്ട ഗോവയില്‍ പുതിയ പ്രമോദ് സാവന്ത് ആണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അര്‍ധരാത്രിവരെ നീണ്ട നാടകീയതയ്ക്കു ശേഷമായിരുന്നു സാവന്തിന്റെ സത്യപ്രതിജ്ഞ. കഴിഞ്ഞ ദിവസം രാജ്ഭവനില്‍ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

Also Read ജസീന്റാ, ലോകം നിങ്ങളെ ബഹുമാനിക്കുന്നു

കഴിഞ്ഞ ദിവസം രാത്രി 12 മണിക്കായിരുന്നു ബി.ജെ.പി നേതാക്കള്‍ ഭൂരിപക്ഷം തെളിയിച്ചുള്ള എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാജ്ഭവനില്‍ എത്തിയിരുന്നു. ഘടകകക്ഷി നേതാക്കളുമായും പാര്‍ട്ടി നേതാക്കളുമായും ഗഡ്കരി തിങ്കളാഴ്ച രാത്രി തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെ സ്പീക്കറായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി പദത്തില്‍ ഉറപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

അതേസമയം, ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണപ്പെട്ടതിന് പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെയായിരുന്നു പ്രമോദ് സാവന്തിനെ നിര്‍ദ്ദേശിക്കുന്നത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സ്പീക്കര്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ മുന്നോട്ട് വന്നിരുന്നു.

ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മറ്റ് ബി.ജെ.പി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more