| Thursday, 10th July 2014, 7:12 pm

എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ഗോവന്‍ സ്‌കൂള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പനാജി: എച്ച് ഐ വി ബാധിതരായ 13 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദമാവുന്നു. മറ്റ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നുളള എതിര്‍പ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത്.

പനാജിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റിവോണയില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹൈസ്‌കൂളിന്റേതാണ് വിവാദ നടപടി. എച്ച് ഐവി ബാധിതരായ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയാല്‍ സ്‌കൂള്‍ ബഹിഷ്‌കരിക്കുമെന്നാണ് മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത്. സ്‌കുളില്‍ പഠിക്കുന്ന 23 എച്ച് ഐ വി ബാധിതരായ കുട്ടികളെ കൂടി പുറത്താക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

എച്ച് ഐവി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനത്തിലെ അന്തേവാസികളാണ് കുട്ടികള്‍. സ്‌കൂള്‍ കുട്ടികളെ പുറത്താക്കിയ നടപടി നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നും കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ തിരിച്ചെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗ്രീന്‍ ഗോവ ഫൗണ്ടേഷന്‍ മേധാവി റെയ്‌സന്‍ അല്‍മേദിയ പറഞ്ഞു.

സമൂഹത്തില്‍ പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളെ മാറ്റി നിര്‍ത്താനുള്ള ശ്രമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ക്രിസ്ത്യന്‍ സന്യാസിനികളുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂള്‍ തയ്യാറായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more