പനാജി: ഗോവയില്‍ ബി.ജെ.പിയെ പ്രതിരോധത്തില്‍ ആക്കി കൊണ്ട് ആര്‍.എസ്.എസ് മേധാവി സുഭാഷ് വെല്ലിംഗറിന്റെ രാഷ്ട്രീയ പ്രഖ്യാപനം.
നിലവില്‍ ഗോവയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി തുടരുന്ന മനോഹര്‍ പരീക്കര്‍ ഒന്‍പത് മാസക്കാലമായി പാന്‍ക്രിയാസിലെ ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലാണ്. ചികിത്സയിലായിരുന്നെങ്കിലും പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുന്നതിതെതിരേയും മറ്റാരെയും ചുമതല ഏല്‍പ്പിക്കാത്തതതിനെ ചൊല്ലിയും ഗോവന്‍ രാഷ്ട്രീയത്തില്‍ തര്‍ക്കം നിലനില്‍ക്കവേയാണ് സുഭാഷ് വെല്ലിംഗറിന്റെ രാഷ്ട്രീയ പ്രഖ്യാപനം.
ഗോവ സുരക്ഷാ മഞ്ചില്‍ ഞാന്‍ സജീവമായി പ്രവര്‍ത്തിക്കുമെന്ന് പനാജിയില്‍ വച്ച് നടന്ന പൊതുപരിപാടിയില്‍ വെല്ലിംഗര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗോവയിലെ ഷിരോഡ, മാണ്‍ഡ്രം മണ്ഡലങ്ങളില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ രണ്ടു സീറ്റുകളില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി അനിവാര്യമാണെന്നും, ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഗോവന്‍ നിയമസഭയില്‍ നടക്കുന്ന അഴിമതിയും മറ്റും കണക്കിലെടുത്ത് നിയമസഭ പിരിച്ചുവിടണമെന്നും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍മ്പ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു പതിറ്റാണ്ടിലേറെക്കാലം സംസ്ഥാന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു വരുന്ന ആളാണ് വെല്ലിംഗര്‍. ബിജെപി ഉന്നതതല നേതാക്കളായ പരീക്കര്‍, കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് നായിക്, മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരേക്കര്‍ എന്നിവരുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
66 വയസ്സുള്ള ഇദ്ദേഹത്തെ 2016ല്‍ ആര്‍.എസ്.എസില്‍ നിന്നും പുറത്താക്കിയിരുന്നു. പരീക്കറുമായി ബന്ധപ്പെട്ട കേസിനെ പിന്തുണക്കാത്തതിനാലായിരുന്നു അന്ന് വെല്ലിംഗറിനെതിരെ നടപടി ഉണ്ടായത്.
പിന്നീടാണ് വെല്ലിംഗര്‍ ബി.ജെ.പിയുടെ പ്രധാന എതിരാളിയായ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയ പാര്‍ട്ടി ഗോവയില്‍ സ്ഥാപിക്കുന്നത്.