മനോഹര്‍ പരീക്കറിന്റെ ജീവന് ഭീഷണിയുണ്ട്; സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഗോവ കോണ്‍ഗ്രസിന്റെ കത്ത്
national news
മനോഹര്‍ പരീക്കറിന്റെ ജീവന് ഭീഷണിയുണ്ട്; സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഗോവ കോണ്‍ഗ്രസിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 3:16 pm

 

പനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കത്ത്. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

” റഫാല്‍ കരാറിലെ അഴിമതികള്‍ പൊതുമധ്യത്തില്‍ തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവരരുതെന്നാഗ്രഹിക്കുന്നവരില്‍ നിന്നും അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായേക്കാം. ” എന്നാണ് കത്തില്‍ പറയുന്നത്.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ തന്റെ കിടപ്പുമുറിയിലുണ്ടെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞെന്ന് ഒരു ഗോവന്‍ മന്ത്രി പറയുന്ന റെക്കോര്‍ഡിങ് തങ്ങളുടെ കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

Also read:സംഘപരിവാര്‍ പ്രചരണം പൊളിയുന്നു; നെടുമങ്ങാട്ട് പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞത് ആര്‍.എസ്.എസ് നേതാവ് പ്രവീണ്‍: ദൃശ്യങ്ങള്‍ പുറത്ത്

ഈ ടേപ്പ് പാര്‍ലമെന്റില്‍ കേള്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടപ്പോള്‍ ” ഈ മനുഷ്യന്‍ വീണ്ടും വീണ്ടും കള്ളം പറയുന്നു” എന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിടുന്ന സമയത്ത് മനോഹര്‍ പരീക്കറായിരുന്നു പ്രതിരോധമന്ത്രി.