കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ 14 എം.എല്‍.എമാരുടെ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി
National
കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ 14 എം.എല്‍.എമാരുടെ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th September 2018, 5:21 pm

പനജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് 14 എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്കു കൈമാറി.

14 എം.എല്‍.എമാരോടൊപ്പം രാജ്ഭവനിലെത്തിയാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ അവകാശവാദം ഉന്നയിച്ച് മൃദുല്‍ സിന്‍ഹക്ക് നിവേദനം നല്‍കിയത്.


Read Also : പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരും; ആരോഗ്യസ്ഥിതിയില്‍ പുരോഗതി; ഔഗ്യോഗിക തിരുമാനം കോര്‍ കമ്മിറ്റിക്ക് ശേഷം


 

18 മാസം പൂര്‍ത്തിയായ എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണം പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിക്കുന്ന നിവേദനത്തില്‍ നിലവിലുള്ള സര്‍ക്കാരിന് ഭരണം നിര്‍വ്വഹിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് അവസരം നല്‍കണമെന്നും പറയുന്നു.

സംസ്ഥാനത്തു കോണ്‍ഗ്രസിന് 16 എംഎല്‍എമാരാണുള്ളത്, ബി.ജെ.പിക്ക് പതിനാലും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തള്ളി 40 അംഗ സഭയില്‍ 14 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി ഭരണം നേടിയത് മറ്റു കക്ഷികളുടേയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയിലായിരുന്നു.

അതേസമയം കര്‍ണാടകയില്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നുണ്ടായ വിജയത്തിനുശേഷം സമാന നീക്കത്തിനു കോണ്‍ഗ്രസ് നടത്തിയിരുന്നു. സുപ്രീംകോടതി വിധിക്കു പിന്നാലെ, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഗോവ, ബിഹാര്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ അവകാശവാദമുന്നയിക്കുകയായിരുന്നു.